തടി കുറയ്ക്ക്, എന്നിട്ട് രാഹുല്‍ ഗാന്ധിയെ കാണാം;ഭാരത് ജോഡോ യാത്രയ്ക്കിടെ ബോഡി ഷെയ്മിംഗ് നേരിട്ടു: സീഷാന്‍ സിദ്ദിഖ്

‘ഭാരത് ജോഡോ യാത്ര’യ്ക്കിടെ തനിക്ക് ബോഡി ഷെയ്മിംഗ് നേരിട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ്. മുന്‍ കോണ്‍ഗ്രസ് നേതാവ് ബാബ സിദ്ദിഖിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് മുംബൈ മുന്‍ അധ്യക്ഷനുമായ സീഷാന്‍ സിദ്ദിഖാണ് പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ കാണണമെങ്കില്‍ തന്നോട് ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സീഷാന്റെ ആരോപണം.

‘ഭാരത് ജോഡോ യാത്ര’ മഹാരാഷ്ട്രയിലെ നന്ദേഡില്‍ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയുടെ ടീം അംഗങ്ങളില്‍ ഒരാള്‍ യാത്രയില്‍ നിന്നും തന്നെ പുറത്താക്കി. ആദ്യം പോയി 10 കിലോ കുറയ്ക്ക്, എന്നിട്ട് രാഹുല്‍ ഗാന്ധിയെ കാണാമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. താന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണെന്ന് പറഞ്ഞിട്ടും ഇയാള്‍ കാര്യമാക്കിയില്ല. രാഹുല്‍ ഗാന്ധിക്കൊപ്പമുള്ളവര്‍ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ആരില്‍ നിന്നോ പണം വാങ്ങി കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് പോലെയാണ് ഇവരുടെ പെരുമാറ്റമെന്നും സീഷാന്‍ സിദ്ദിഖ്.

‘രാഹുല്‍ ഗാന്ധി നല്ലവനാണ്, അദ്ദേഹം തന്റെ ജോലി ചെയ്യുന്നു. എന്നാല്‍ അദ്ദേഹത്തോടൊപ്പം ഉള്ളവര്‍ ആളുകളോട് വളരെ മോശമായാണ് പെരുമാറുന്നത്. ഇത് രാഹുല്‍ ഗാന്ധി തിരിച്ചറിയുന്നില്ല. പാര്‍ട്ടിയെ തുലയ്ക്കണമെന്ന് ഉറച്ചുള്ള പെരുമാറ്റമാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ എനിക്ക് പിതാവിനെപ്പോലെയാണ്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷനായിട്ട് പോലും അദ്ദേഹത്തെ കെട്ടിയിട്ടിരിക്കുന്നു, പലപ്പോഴും അദ്ദേഹത്തിന് ഒന്നും ചെയ്യാനാകുന്നില്ല’- സീഷാന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിലെ ന്യൂനപക്ഷ നേതാക്കളോടും പ്രവര്‍ത്തകരോടും കാണിക്കുന്ന പെരുമാറ്റം ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസിലെയും മുംബൈ യൂത്ത് കോണ്‍ഗ്രസിലെയും വര്‍ഗീയതയുടെ വ്യാപ്തി മറ്റൊരിടത്തും ഇല്ലാത്തതാണ്. കോണ്‍ഗ്രസില്‍ മുസ്ലീമായത് പാപമാണോ എന്തിനാണ് തന്നെ ആക്രമിക്കുന്നതെന്ന് പാര്‍ട്ടി ഉത്തരം പറയണം. താനൊരു മുസ്ലീം ആയത് കൊണ്ട് മാത്രമാണോ അത്-അദ്ദേഹം ചോദിച്ചു. 50 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് പിതാവ് ബാബ സിദ്ദിഖ് കോണ്‍ഗ്രസ് വിട്ട് അജിത് പവാറിന്റെ എന്‍സിപിയില്‍ ചേര്‍ന്നതിന് പിന്നാലെ, ബുധനാഴ്ച സിദ്ദിഖിനെ മുംബൈ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

Top