ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികര്‍ വീരമൃത്യു വരിച്ചതില്‍ പ്രതികരണവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും മറക്കില്ലെന്നും അവരുടെ നഷ്ടം വേദനാജനകമാണെന്നും രാജ്‌നാഥ് പറഞ്ഞു. ട്വിറ്റിറിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘ഗല്‍വാനിലെ സൈനികരുടെ നഷ്ടം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതും വേദനാജനകവുമാണ്. നമ്മുടെ സൈനികര്‍ മാതൃകാപരമായ ധൈര്യവും വീര്യവും അവരുടെ കര്‍മത്തില്‍ പ്രകടിപ്പിക്കുകയും ഇന്ത്യന്‍ സൈന്യത്തിന്റെ ഉയര്‍ന്ന പാരമ്പര്യമനുസരിച്ച് ജീവന്‍ ത്യജിക്കുകയും ചെയ്തു. രാജ്യം അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ല. വീണുപോയ സൈനികരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ പ്രയാസകരമായ ഘട്ടത്തില്‍ രാജ്യം അവരോടൊപ്പം തോളോട് തോള്‍ചേര്‍ന്ന് നില്‍ക്കുന്നു. സൈനികരുടെ ധീരതയില്‍ രാജ്യം അഭിമാനം കൊള്ളുന്നു’ രാജ്‌നാഥ് ട്വീറ്റ് ചെയ്തു.
ലഡാക്കിലെ സംഘര്‍ഷത്തിന് ശേഷം രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് പ്രതികരണമുണ്ടാകുന്നത് ആദ്യമായാണ്. അതേസമയം, സംഘര്‍ഷത്തെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ചചെയ്യാന്‍ ഇന്ന് വീണ്ടും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തുകയാണ്..ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ അടക്കം 20 സൈനികര്‍ വീരമൃത്യുവരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് കൂടിക്കാഴ്ച.
ഇന്നലെ ഏറ്റുമുട്ടലിനു പിന്നാലെ രാത്രി വൈകി പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, കരസേനാ മേധാവി എം.എം.നരവനെ എന്നിവരാണ് യോഗം ചേര്‍ന്നത്.
മൂന്ന് സൈനിക മേധാവിമാരുമായും സിഡിഎസ് ബിപിന്‍ റാവത്തുമായും കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. തുടന്നാണ് വീണ്ടും രാജ്‌നാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. അതിര്‍ത്തിക്കടുത്തുള്ള സൈനികകേന്ദ്രങ്ങളിലേക്കു കൂടുതല്‍ ആയുധവിന്യാസം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സൈനികരെയും രംഗത്തെത്തിക്കും.
അതേസമയം ഏറ്റുമുട്ടലില്‍ ചൈനീസ് കമാന്‍ഡിംഗ് ഓഫീസറും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.