lottary – press – tax department

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി അച്ചടിക്കുന്നതിനുള്ള കരാര്‍ സ്വകാര്യ പ്രസിന് നല്‍കിക്കൊണ്ട് നികുതി വകുപ്പ് ഉത്തരവിറക്കി. ചെറുകിട വ്യവസായ കോര്‍പ്പറേഷനായ സിഡ്‌കോയ്ക്ക് 26 ശതമാനം ഓഹരിയുള്ള സ്വകാര്യ പ്രസിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഭാഗ്യക്കുറി അച്ചടിക്കുന്നതിന് സര്‍ക്കാര്‍ പ്രസുകളും കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിക്കേഷന്‍സി(കെ.ബി.പി.എസ്)നേയും മറികടന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

ഈ മാസം നാലിനാണ് നികുതി വകുപ്പ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ലോട്ടറി അച്ചടിക്കുന്നതിന് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ ഈ കന്പനിയും അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രസുകളില്‍ അച്ചടിക്കുന്നതിനെക്കാള്‍ മികച്ച ഗുണമേന്മയിലും കൂടുതല്‍ എണ്ണത്തിലും ലോട്ടറി അച്ചടിക്കാനുള്ള യന്ത്രങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും അതിനാല്‍ കരാര്‍ നല്‍കണമെന്നുമായിരുന്നു കന്പനിയുടെ ആവശ്യം.

മാത്രമല്ല, പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോയ്ക്ക് തങ്ങളുടെ കന്പനിയില്‍ 26 ശതമാനം ഓഹരി ഉണ്ടെന്നും അതിനാല്‍ തന്നെ ലോട്ടറി അച്ചടിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമല്ലെന്നും കന്പനി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ഈ ശുപാര്‍ശ നികുതി സെക്രട്ടറി സര്‍ക്കാരിന് കൈമാറി. തുടര്‍ന്ന് കന്പനിയുടെ വാദങ്ങള്‍ പരിശോധിച്ച ശേഷമാണ് കരാര്‍ നല്‍കിക്കൊണ്ട് ഉത്തരവിറക്കാന്‍ നികുതി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഭാഗ്യക്കുറി അച്ചടിക്കുന്നത് സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കുന്നത് കേന്ദ്ര ലോട്ടറി നിയമത്തിന് വിരുദ്ധമാണ്. അതിസുരക്ഷയില്‍ അച്ചടിക്കേണ്ട ലോട്ടറികള്‍ ഇത്തരത്തില്‍ സ്വകാര്യ പ്രസുകളെ ഏല്‍പിക്കരുതെന്നാണ് കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും നിയമങ്ങളില്‍ പറയുന്നത്. ഇനി അങ്ങനെ അച്ചടിക്കേണ്ട സാഹചര്യം ഉണ്ടായാല്‍, റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയോട് കൂടി അവര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് മാത്രമെ അച്ചടിക്കാവൂ. മാത്രമല്ല, സുരക്ഷാ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് ഉറപ്പു വരുത്തുകയും വേണം.

Top