താമര കണ്ട് ദേഷ്യം വരേണ്ട; പാസ്‌പോര്‍ട്ടില്‍ ഓരോ മാസവും ഓരോ ചിഹ്നം

passportt

ന്ത്യയുടെ പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം സുരക്ഷാ ഫീച്ചറായി ഇടംപിടിച്ചത് ബിജെപി ഭരിക്കുന്നത് കൊണ്ടാണെന്ന് പരാതിപ്പെട്ടവര്‍ക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. വ്യാജ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് താമര ചിഹ്നം രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കിയതിന് പുറമെ ഓരോ മാസവും വ്യത്യസ്ത ചിഹ്നങ്ങളാണ് ഉപയോഗിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം പാസ്‌പോര്‍ട്ടില്‍ അച്ചടിച്ചെന്ന പ്രതിപക്ഷ ആരോപണത്തിന് ഇടെയാണ് വിശദീകരണം. ‘ഈ ചിഹ്നം നമ്മുടെ ദേശീയ പുഷ്പത്തിന്റേതാണ്, വ്യാജ പാസ്‌പോര്‍ട്ടുകള്‍ തടയാനുള്ള അധിക സുരക്ഷ ഫീച്ചറിന്റെ ഭാഗമാണ്’, വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. ക്രമത്തില്‍ മറ്റ് ദേശീയ ചിഹ്നങ്ങളും ഉപയോഗിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിലവില്‍ ഇത് താമരയാണ്. അടുത്ത മാസം മറ്റൊരു ചിഹ്നമാകും. ഈ ചിഹ്നങ്ങള്‍ ഇന്ത്യയുമായി ബന്ധമുള്ളവ ആയിരിക്കും, ദേശീയ പുഷ്പമോ, ദേശീയ മൃഗമോ ഒക്കെയാകാം’, കുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിബന്ധനകള്‍ പ്രകാരമാണ് ഈ സുരക്ഷാ ഫീച്ചറുകളെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് എംകെ രാഘവനാണ് പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര അടിച്ചിറക്കിയത് പിന്‍വലിക്കണമെന്ന് ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്.

Top