തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകിയുടെയും നവീന്റെയും നൃത്തത്തെ ലവ് ജിഹാദുമായി കൂട്ടിക്കെട്ടുകയും, ഫേസ്ബുക്കിലൂടെ സമൂഹത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി കലാപത്തിന് ശ്രമിക്കുകയും ചെയ്ത അഡ്വ.കൃഷ്ണരാജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയുടെ പരാതി.
മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെയാണ് തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇരുവരുടേയും നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെ ജാനകിക്കും നവീനുമെതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നു.
കൃഷ്ണരാജ് എന്ന അഭിഭാഷകന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇത്തരത്തിലെ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടത്:
“ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും, നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം..”എന്നതായിരുന്നു കൃഷ്ണരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കൃഷ്ണരാജിനെതിരെ സംസ്ഥാന ഡി.ജി.പിക്കാണ് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി പരാതി നൽകിയത്.