ലൗ ജിഹാദെന്ന് ആരോപിച്ച്‌ വിവാഹം മുടക്കാന്‍ ശ്രമിച്ച നൂറോളം ബി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍

ഗാസിയാബാദ്: ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം തടയുവാന്‍ ശ്രമിച്ച നൂറോളം പേര്‍ പൊലീസ് കസ്റ്റഡിയില്‍.

വരന്റെയും വധുവിന്റെയും ബന്ധുക്കളുടെ സമ്മതത്തോടെ വധുവിന്റെ വീട്ടില്‍ വെച്ച് നടന്ന വിവാഹമാണ് ബി.ജെ.പി, ശിവസേനാ നേതാക്കള്‍ ചേര്‍ന്ന് മുടക്കുവാന്‍ ശ്രമിച്ചത്.

ഭീഷണിപ്പെടുത്തി വിവാഹത്തില്‍ നിന്ന് പിന്മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീടിന് മുന്നില്‍ കുത്തിയിരുന്നവരെയാണ് പൊലീസെത്തി നീക്കം ചെയ്തത്.

ബി.ജെ.പി ഗാസിയാബാദ് വൈസ് പ്രസിഡന്റ് അജയ് ശര്‍മ്മ, ശിവസേന ഉത്തര്‍പ്രദേശ് വെസ്റ്റ് അധ്യക്ഷന്‍ മഹേഷ് അഹുജ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സൈക്കോളജിസ്റ്റായ നുപൂര്‍ സിങും സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഹര്‍ഹത്ത് ഖാനും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം ഗാസിയാബാദില്‍ നടന്നത്.

ഇത് ലൗ ജിഹാദാണെന്ന് ആരോപിച്ച് വിവാഹം നടത്തരുതെന്ന തരത്തില്‍ നിരവധി ഫോണ്‍ കോളുകള്‍ രണ്ട് ദിവസമായി തനിക്ക് ലഭിച്ചിരുന്നുവെന്ന് വധുവിന്റെ പിതാവ് പുഷ്‌പേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തുടര്‍ന്നായിരുന്നു വിവാഹം തടയുന്നതിനുള്ള ശ്രമവുമായി നേതാക്കള്‍ എത്തിയത്.

Top