പ്രകടന പത്രികയില്‍ ലൗ ജിഹാദിന് എതിരായ നിയമനിര്‍മ്മാണത്തിന് പ്രാധാന്യം; ബിജെപി

പാലക്കാട്:ബിജെപി പ്രകടന പത്രികയില്‍ ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണം പ്രധാനപ്പെട്ട അജണ്ടയാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഹരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാര്‍ ആണിത്. നിക്ഷേപ സൗഹാര്‍ദ്ദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നതായിരുന്നു സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശ വാദം. വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നായിരുന്നു മറ്റൊരു അവകാശ വാദം. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പ്രധാനപ്പെട്ട ഒരു സംരംഭകനും കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടില്ല. വ്യവസായികള്‍ ആരും കേരളത്തെ പരിഗണിക്കുന്നുമില്ല. കോവിഡ് കാലത്ത് പോലും തമിഴ്നാട്ടിലും കര്‍ണാടകയിലും പലരും നിക്ഷേപം നടത്തിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വ്യവസായിക മേഖലയിലുള്ള വളര്‍ച്ചയെ സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ? കഞ്ചിക്കോട് പോലുള്ള പല വ്യവസായ സംരംഭങ്ങളും പൂട്ടിപ്പോകുന്നു. കാര്‍ഷിക മേഖലകളിലും സമ്പൂര്‍ണ തകര്‍ച്ചയാണ് നേരിടുന്നത്. നാളികേരത്തിന് കേന്ദ്രസര്‍ക്കാര്‍ താങ്ങുവില നല്‍കുന്നതുകൊണ്ട് നാളികേരത്തിന് മാത്രം വിലയുണ്ട്. വേറെ ഏത് കാര്‍ഷിക ഉത്പന്നങ്ങള്‍ക്കാണ് വിലയുള്ളത്?

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് തലമുണ്ഡനം ചെയ്യേണ്ടിവരുന്നു എന്ന് പറഞ്ഞാല്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിന്റെ അവകാശ വാദം പൊളിയുന്നു എന്നാണ് അര്‍ത്ഥം. എപ്പോഴും പറയുന്ന അവകാശ വാദം കിറ്റു കൊടുത്തു എന്നതാണ്. അതിനെന്തിനാണ് ഒരു സര്‍ക്കാര്. ഒരു കളക്ടര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമേയുള്ളൂ അത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാന്‍ എന്തിനാണ് ഒരു സര്‍ക്കാര്‍.

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പോലും പരസ്യമായി അഭ്യര്‍ത്ഥിച്ചിട്ടും കേരളം ഉള്‍പ്പെടെ നാല് പ്രധാനപ്പെട്ട സംസ്ഥാനങ്ങള്‍ അതിനെതിരായി നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം എന്‍ഡിഎയുടെ ഭാഗമായിരുന്ന എല്ലാ ഘടകകക്ഷികളെയും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

Top