കോഴിക്കോട്: ലൗ ജിഹാദ് ആരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം. ലൗ ജിഹാദിന്റെ പേരില്‍ കേരളാ പൊലീസ് കര്‍ണാടക പൊലീസിന് കൈമാറിയ യുവാവാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി പരാതി ഉന്നയിച്ചിരിക്കുന്നത്. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഫാസിലിനെ ലോക്കപ്പില്‍ തലകീഴായി കെട്ടിതൂക്കിയും, ശരീരത്തില്‍ മുളക് തേച്ചും മര്‍ദ്ദിച്ചെന്നാണ് പരാതി. കോഴിക്കോട് കുറ്റ്യാടി പൊലീസ് രണ്ട് മാസം മുന്‍പാണ് ലൗ ജിഹാദ് ആരോപിച്ച് ഫാസിലിനെ കര്‍ണാടക പൊലീസിന് കൈമാറിയത്.
സൗത്ത് ബംഗളുരുവില്‍ പിങ്കി ചൗധരിയെന്ന യുവതിയും ഫാസിലുമായുള്ള വിവാഹം മതാചാരപ്രകാരം നടന്നിരുന്നു. ഇരുവരും കേരളത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരെയും പിന്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും കര്‍ണാടക പൊലിസും കുറ്റ്യാടിയിലെത്തി. ഇതോടെ ഒളിവില്‍ പോയ ഇരുവരേയും ഫാസിലിന്റെ സഹോദരിയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കോടതിയില്‍ പോലും ഹാജരാക്കാതെ ഫാസിലിനെയും ഭാര്യയേയും കുറ്റ്യാടി പൊലീസ് കര്‍ണ്ണാടക പൊലീസിന് കൈമാറി.
പൊലീസിനെ പേടിച്ചിട്ടാണ് ഇത്രയും നാള്‍ ഒന്നും പുറത്ത് പറയാതിരുന്നതെന്ന് ഫാസില്‍ പറയുന്നു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയതിന് ശേഷമായിരുന്നു ലൗ ജിഹാദ് ആരോപിച്ചുള്ള ക്രൂര മര്‍ദ്ദനമെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് വേണ്ടി ഫാസില്‍ കഴിഞ്ഞ ദിവസം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പൊലീസ് പ്രതിക്കൂട്ടിലായ നിരവധി സംഭവങ്ങള്‍ സര്‍ക്കാറിനു തലവേദനയായിരിക്കെയാണ് പുതിയ വെളിപ്പെടുത്തലും ഇപ്പോള്‍ വന്നിരിക്കുന്നത്. കേരള പൊലീസ് കര്‍ണ്ണാടക പൊലീസിന് പിടിച്ചു കൊടുത്ത നടപടിയില്‍ നാട്ടുകാര്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.