കെജരിവാളിനോട് സ്‌നേഹം മൂത്ത് പോസ്റ്ററൊട്ടിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പിഴ

ന്യൂഡല്‍ഹി: എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനോടുള്ള സ്‌നേഹം മൂത്ത് തന്റെ വാഹനത്തിന് പുറകില്‍ ‘ഐ ലവ് കെജ്രിവാള്‍’ എന്ന പോസ്റ്റര്‍ പതിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പിഴ.

ജനുവരി 15നാണ് ഡല്‍ഹി പോലീസ് ഓട്ടോ ഡ്രൈവറായ രാജേഷിന് 10000 രൂപ പിഴ ചുമത്തിയത്. തനിക്കെതിരെ പിഴ ചുമത്തിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാജേഷ് കോടതിയെ സമീപിച്ചു.

രാജേഷിന്റെ ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് നവീന്‍ ചൗള സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍, പൊലീസ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെട്ടു. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പരസ്യം പതിച്ചതിനെതിരെയാണ് ഓട്ടോ ഡ്രൈവര്‍ക്ക് പിഴ ചുമത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തള്ളി രാജേഷിന്റെ അഭിഭാഷകന്‍ രംഗത്തെത്തി.

അതൊരു രാഷ്ട്രീയ പരസ്യം ആയിരുന്നില്ലെന്നും ആണെങ്കില്‍ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചെലവില്‍ അല്ല രാജേഷ് പോസ്റ്റര്‍ പതിച്ചതെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഒരു വ്യക്തിയുടെ കയ്യില്‍നിന്ന് പണം ചെലവഴിച്ച് പോസ്റ്റര്‍ പതിച്ചത് പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 2018ല്‍ ന്യൂഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശപ്രകാരം ഓട്ടോ അടക്കമുള്ള വാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യം പതിക്കാവുന്നതാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

Top