Love kills six times more Indians than terror attacks

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരവാദത്തേക്കാള്‍ കൂടുതല്‍ പ്രണയത്തെ തുടര്‍ന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നതെന്ന് റിപ്പോര്‍ട്ട്.

‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കഴിഞ്ഞ 15 വര്‍ഷത്തെ കണക്കു പരിശോധിച്ചപ്പോഴാണ് പ്രണയത്തിന്റെ ‘ഭീകരത’ വെളിവാക്കുന്ന വസ്തുതകള്‍ വ്യക്തമായത്. 2001നും 2015നും ഇടയ്ക്ക് സംഭവിച്ച 38,585 കൊലപാതകങ്ങളുടെ കാരണം പ്രണയമാണ്. മാത്രമല്ല, ഇക്കാലയളവില്‍ 79,189 പേര്‍ പ്രണയത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇക്കാലയളവില്‍ ഭീകരവാദത്തിന്റെ ഇരകളായി ഇന്ത്യയില്‍ ജീവന്‍ വെടിഞ്ഞത് 20,000 പേരാണ്. ശത്രുക്കളുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ എണ്ണമാണിത്. അതായത്, ഭീകരവാദം ജീവനെടുക്കുന്നവരേക്കാള്‍ ആറിരട്ടിയോളം ആളുകള്‍ക്കാണ് പ്രണയത്തിന്റെ പേരില്‍ ജീവന്‍ നഷ്ടമാകുന്നത്.

ഇതിനെല്ലാം പുറമെ, 2.6 ലക്ഷത്തോളം ആളുകളെ തട്ടിക്കൊണ്ടു പോയതിന്റെയും കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത് പ്രണയമാണ്. വിവാഹത്തിന്റെ പേരില്‍ സ്ത്രീകളെ തട്ടിക്കൊണ്ടു പോയ സംഭവങ്ങളാണ് ഇതില്‍ ഏറെയുമെന്ന് ചുരുക്കം. പ്രതിദിനം ശരാശരി ഏഴു കൊലപാതകങ്ങളും 14 ആത്മഹത്യകളും 47 തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളും പ്രണയത്തിന്റെ പേരില്‍ അരങ്ങേറുന്നുവെന്ന ഞെട്ടിക്കുന്ന കണക്കും ഇതിനൊപ്പമുണ്ട്.

പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങളില്‍ മുന്നിലുള്ളത് ആന്ധ്രപ്രദേശാണ്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ആന്ധ്രയ്ക്ക് തൊട്ടുപിന്നിലുണ്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം ഇത്തരം മൂവായിരത്തിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പ്രണയത്തകര്‍ച്ചയില്‍ നിരാശരായി പുരുഷന്‍മാര്‍ ചെയ്ത കൊലപാതകങ്ങളും, വീട്ടുകാരുടെ അനുമതിയില്ലാത്തതിനാല്‍ കമിതാക്കള്‍ ജീവനൊടുക്കിയ സംഭവങ്ങളും, ജാതിയുടെ പേരിലുള്ള കൊലപാതകങ്ങളും ഇക്കൂട്ടത്തിലുണ്ട്.

പ്രണയനൈരാശ്യം മൂലം ഏറ്റവുമധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം പശ്ചിമ ബംഗാളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 14 വര്‍ഷത്തിനിടെ (2012ലെ കണക്ക് ലഭ്യമല്ല) 15,000ല്‍ അധികം ആളുകളാണ് ബംഗാളില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. 15 വര്‍ഷത്തിനിടെ 9,405 പേര്‍ ജീവനൊടുക്കിയ തമിഴ്‌നാടാണ് ഇക്കാര്യത്തില്‍ രണ്ടാമത്. ആസാം, ആന്ധ്രപ്രദേശ്, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ 5,000ല്‍ അധികം ആത്മഹത്യകളുമായി തൊട്ടുപിന്നിലുണ്ട്.

Top