തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമര്‍ദം അതിശക്ത ന്യൂനമര്‍ദമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് ദിശയില്‍ സഞ്ചരിച്ച് ജൂണ്‍ 3 നോട് കൂടി ഉത്തര മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടാല്‍ നിസര്‍ഗ എന്ന പേരിലാകും അറിയപ്പെടുക.
പശ്ചിമ അറബിക്കടലില്‍ ഒമാന്‍-യെമന്‍ തീരത്തായി രൂപം കൊണ്ട അതിശക്ത ന്യൂനമര്‍ദം ഒമാനിലെ സലാലയില്‍ നിന്ന് 20 കിമീ ദൂരത്ത് തുടരുകയാണ്. അടുത്ത 12 മണിക്കൂറിന് ശേഷം ഇതിന്റെ ശക്തി ക്ഷയിച്ച് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജൂണ്‍ 1ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജൂണ്‍ 2ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ജൂണ്‍ 3ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗത്തിലും ചില ഘട്ടങ്ങളില്‍ 65 കിമീ വരെ വേഗത്തിലും കേരള തീരത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടല്‍ അതിപ്രക്ഷുബ്ധമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരങ്ങളില്‍ ചിലയിടങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുണ്ട്. കേരള തീരത്ത് നിന്നുള്ള മത്സ്യ ബന്ധനത്തിന് പൂര്‍ണ്ണ നിരോധനം തുടരുകയാണ്. കേരള തീരങ്ങളില്‍ ചിലയിടങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.