ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ജാഗ്രത നിർദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ ശക്തമാകുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇന്നലെ വൈകിട്ടോടെയാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

നവംബർ 12 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും ഈ സാഹചര്യം കേരളത്തിൽ മഴ ശക്തമാക്കിയേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇതിന്റെ ഫലമായി കേരളത്തിൽ മൂന്ന് നാൾ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

നവംബർ 12, 13, 14 തീയതികളിലാകും കൂടുതൽ മഴ ഭീഷണിയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. നിലവിൽ രണ്ട് ദിവസങ്ങളിൽ കേരളത്തിലെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ജാഗ്രത നിർദേശമുള്ളത്.

Top