ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു: ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഈ മാസം 28 ഓടെ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് സമീപത്തായാണ് രൂപപ്പെടുക. പിന്നീട് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുന്ന ഇത് ചുഴിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതിനാല്‍ തന്നെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും സജീവമായി മഴ ലഭിക്കാനുള്ള സാധ്യതയിലേക്കാണ് ഈ സാഹചര്യം വിരല്‍ചൂണ്ടുന്നത്.

ജാര്‍ഖണ്ഡിന് മുകളില്‍ നിലവില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം ശക്തികുറഞ്ഞ് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കും. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെയും ബിഹാറിന്റെയും ഭാഗത്തേക്കായിരിക്കും അടുത്ത മൂന്ന് നാല് ദിവസത്തേക്ക് ഈ കാറ്റിന്റെ സഞ്ചാരം. ഇയാഴ്ചയുടെ അവസാനത്തോടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുക. ആന്ധപ്രദേശ് – ഒഡീഷ ഭാഗത്തേക്കാണ് ഈ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരദിശ സൂചിപ്പിക്കുന്നത്. ഇതാണ് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് ഇപ്പോള്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

Top