ഇടുക്കി: ഇടുക്കി ലോവര്‍പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ചോര്‍ന്നൊലിക്കുന്നു. നാലുമണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ജലം പ്രതിദിനം ചോര്‍ന്നുപോവുകയാണ്. ചോര്‍ച്ച രൂക്ഷമായതോടെ ഷട്ടറുകള്‍ തകരുമോയെന്ന ഭീഷണിയിലാണ് നാട്ടുകാര്‍.
അണക്കെട്ടിന്റെ ഷട്ടറുകളില്‍ മൂന്നെണ്ണത്തിലാണ് ചോര്‍ച്ച രൂക്ഷമായിരിക്കുന്നത്. ഇതില്‍ ഒരു ഷട്ടറിന്റെ സ്ഥിതി അതീവഗുരുതരമാണ്. ഒന്നരവര്‍ഷം മുമ്പ് ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാല്‍ ഒമ്പതുമാസം മുമ്പ് ഇവ വീണ്ടും ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. വനപ്രദേശത്താണ് ഷട്ടറുകള്‍ എന്നതിനാല്‍ ചോര്‍ച്ച സംബന്ധിച്ച വിവരം പുറത്തറിഞ്ഞത് ഏറെ വൈകിയാണ്. അറ്റകുറ്റപ്പണിയില്‍ ക്രമക്കേടു നടന്നുവെന്നും അതിനാല്‍ ഇത് മൂടിവെക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്.
വൈദ്യുതോല്‍പ്പാദനത്തിനുള്ള ജലം വലിയ തോതില്‍ പാഴായിട്ടും ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികളൊന്നുമുണ്ടായിട്ടില്ല. ഷട്ടറുകള്‍ തകരുമോയെന്ന ഭീതി തീരദേശവാസികളില്‍ വ്യാപകമായിട്ടും അധികൃതര്‍ നിസംഗത തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്. ഷട്ടറുകളുടെ അറ്റകുറ്റപ്പണിയില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.