ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹമരണക്കേസ് പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറി.കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോയ കേസുമായി ബന്ധപ്പെട്ട ഉത്തരവിലും അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.ഇതോടെ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചില്‍ മാറ്റമുണ്ടാകും.
സുപ്രധാനമായ കേസ് താരതമ്യേന ജൂനിയറായ അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന് കൈമാറിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത അഭിപ്രായ ഭിന്നതകളാണ് സുപ്രീം കോടതിയിലെ ന്യായാധിപന്മാര്‍ക്കിടയില്‍ പൊട്ടിത്തെറിയിലേക്ക് നയിച്ചത്.
സുപ്രീം കോടതിയ്ക്ക് പുറത്ത് വാര്‍ത്താ സമ്മേളനം വിളിച്ച നാല് ജഡ്ജിമാരുടെയും പ്രധാന ആവശ്യം ലോയയുടെ കേസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പരിഗണിക്കരുതെന്നായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനുള്ള നീക്കങ്ങള്‍ ഒരുവശത്ത് ഊര്‍ജിതമായി നടക്കുമ്പോഴാണ് മുതിര്‍ന്ന ജഡ്ജിമാരെ പാടെ അവഗണിച്ച് ലോയ കേസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിനുതന്നെ നല്‍കാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്. ചൊവ്വാഴ്ച അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഈ കേസില്‍ വാദം കേട്ടിരുന്നു.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരാതിക്കാര്‍ക്ക് നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, മോഹന്‍ എം.ശാന്തന ഗൗഡര്‍ എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.