ഡിസംബര്‍ 31ന് ജനറല്‍ ബിപിന്‍ റാവത്തിന്റെ കാലാവധി അവസാനിക്കുമ്പോള്‍ പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ ചുമതലയേല്‍ക്കും. രണ്ട് വര്‍ഷവും, നാല് മാസവും നരവാനെ കസേരയില്‍ സേവനം അനുഷ്ഠിക്കും. എന്നാല്‍ ചൈനീസ് പ്രതിരോധത്തില്‍ വിദഗ്ധനായ പുതിയ മേധാവിക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സൈന്യത്തെ പുനരുദ്ധരിക്കാനുള്ള ഏറ്റവും വലിയ നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോഴാണ് മനോജ് മുകുന്ദ് നരവാനെ നേതൃപദവിയില്‍ എത്തുന്നത്. ഭാവിയില്‍ യുദ്ധങ്ങളെ നേരിടാന്‍ സുസജ്ജമായ സൈന്യമായി ഇന്ത്യന്‍ ആര്‍മിയെ മാറ്റുകയാണ് പ്രധാന ലക്ഷ്യം.
ആധുനികവത്കരണത്തിന് ആവശ്യമായ പണം ലഭിക്കുകയെന്നത് നരവാനെയ്ക്ക് വലിയ വെല്ലുവിളിയാകും. മൂന്ന് സൈന്യങ്ങളും ഫണ്ട് ലഭിക്കാനായി പോരാടുമ്പോള്‍ കരസേനയ്ക്കുള്ള വിഹിതം നേടുക എളുപ്പമല്ല. മാറുന്ന സാഹചര്യത്തില്‍ സൈന്യത്തെ ആധുനിക രീതിയിലേക്ക് മാറ്റേണ്ടത് അനിവാര്യവുമാണ്. നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ നിന്നും പഠിച്ചിറങ്ങിയ 39 വര്‍ഷത്തെ സൈനിക സേവന പാരമ്പര്യമുള്ള നരവാനെ ജമ്മു കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ് മേഖലകളില്‍ തീവ്രവാദി വിരുദ്ധ നടപടികളില്‍ അനുഭവസമ്പത്തുള്ള വ്യക്തിയാണ്.
ജനറല്‍ റാവത്തിന് പിന്നില്‍ ഏറ്റവും മുതിര്‍ന്ന സൈനിക ഓഫീസറാണ് നരവാനെ. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിച്ച നിയുക്ത മേധാവിക്ക് അനുഭവ സമ്പത്ത് ഗുണമായി മാറുമെന്നാണ് പ്രതീക്ഷ.