നാല് ദശകത്തോളം സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച ശേഷമാണ് ലഫ്റ്റനന്റ് ജനറല്‍ പ്രേം നാഥ് ഹൂന്‍ 1987ല്‍ വെസ്റ്റേണ്‍ കമ്മാന്‍ഡ് മേധാവിയായാണ് വിരമിച്ചത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധവേദിയായ സിയാച്ചിന്‍ പിടിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയ ഹൂന്‍ പഞ്ച്കുളയില്‍ തന്റെ 90ാം വയസ്സില്‍ അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6.30ഓടെയാണ് മരണമെന്ന് മകന്‍ റോണി ഹൂന്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം ഇലക്ട്രിക് ശ്മശാനത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തും. വിഭജനത്തിന് ശേഷം സിഖ് റെജിമെന്റില്‍ ചേര്‍ന്ന ലഫ്. ജനറല്‍ ഹൂനാണ് 1984ല്‍ സിയാച്ചിന്‍ പിടിച്ചെടുക്കാന്‍ നടത്തിയ ഓപ്പറേഷന്‍ മേഘദൂതിന് നേതൃത്വം നല്‍കിയത്. ശ്രീനഗര്‍ ആസ്ഥാനമായ 15 കോര്‍പ്‌സ് കമ്മാന്‍ഡറായിരുന്നു ആ സമയത്ത് അദ്ദേഹം. മുന്‍നിര സൈനികനായിരുന്ന ഹൂന്‍ ചൈനീസ് അധിനിവേശ കാലത്തും, 1965ലെ പാകിസ്ഥാന് എതിരായ യുദ്ധകാലത്തും അതിര്‍ത്തിയില്‍ സേവനം അനുഷ്ഠിച്ചു.
സൈനിക ഓപ്പറേഷന്റെ ഡയറക്ടര്‍ ജനറലായും അദ്ദേഹം സേവനം നല്‍കി. സിയാച്ചിന്‍ പിടിച്ചെടുക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ തകര്‍ത്ത് ഇന്ത്യക്കൊപ്പം നിര്‍ത്താന്‍ മുന്നിട്ടിറങ്ങിയ വ്യക്തിത്വമാണ് ലഫ്. ജനറല്‍ ഹൂനെന്ന് മുന്‍ വെസ്റ്റേണ്‍ കമ്മാന്‍ഡ് മേധാവി ലഫ്. ജനറല്‍ കെ ജെ സിംഗ് പ്രതികരിച്ചു. ദേശീയ ഐക്യത്തിനും, വിരമിച്ച സൈനികരുടെ പുരോഗതിക്കുമായി എന്‍ജിഒ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം വ്യാപൃതനായി.
ആവശ്യത്തിന് സൈന്യവും, സമയവും, ഉപകരണങ്ങളും ഇല്ലാതിരുന്നിട്ടും 15 കോര്‍പ്‌സിനെ നയിച്ച് സിയാച്ചിന്‍ പിടിച്ചത് തന്നെയാണ് ഓപ്പറേഷന്‍ മേഘദൂതിന്റെയും, ലഫ്. ജനറല്‍ ഹൂനിന്റെയും സവിശേഷത.