സിദ്ദീഖ് കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് ലഖ്നൗ കോടതി

ലഖ്നൗ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമെന്ന് ലഖ്നൗ കോടതി. കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പിഎഫ്ഐ ഭാരവാഹികളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നെന്നുമാണ് കോടതി പരാമര്‍ശം. ജാമ്യം നിഷേധിച്ചുള്ള കോടതി ഉത്തരവിലാണ് കാപ്പന്റെ പി.എഫ്.ഐ ബന്ധത്തെ കുറിച്ച് കോടതി പറഞ്ഞത്.

പി.എഫ്.ഐ മീറ്റിങ്ങുകളിൽ കാപ്പന്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തിയത് ഭീകകരവാദത്തിനായിരുന്നു. കൂട്ടുപ്രതികളുടെ അക്കൗണ്ടുകളിലേക്ക് നടത്തിയ പണമിടപാടുകളും ഭീകരവാദത്തിനാണ്. മതസൗഹാർദം തകർക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പൻ ഹാത്രസിലേക്ക് പുറപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിൽ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

കഴിഞ്ഞ സെപ്റ്റംബർ ഒൻപതിന് യു.എ.പി.എ കേസിൽ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി ഉത്തരവിൽ അറിയിച്ചിരുന്നത്. എന്നാൽ, ഇ.ഡി കേസിൽകൂടി ജാമ്യം ലഭിക്കാത്തതിനാലാണ് കാപ്പന്റെ മോചനം നീണ്ടുപോകുന്നത്.

ഹാഥ്റസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്.

Top