ലഖ്‌നൗ: നഗരത്തില്‍ ആട്ടിറച്ചി കടകള്‍ക്കും പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കില്ലെന്നു ലഖ്‌നൗ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാംസവില്‍പ്പനശാലകള്‍ ഉടന്‍ അടപ്പിക്കുമെന്നും പ്രവര്‍ത്തനാനുമതി അവസാനിച്ചവയ്ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും ലഖ്‌നൗ മുന്‍സിപ്പല്‍ കമ്മീഷണര്‍ ഉദയ് രാജ് സിങ് പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉത്തരവുണ്ടാകുന്നതുവരെ ഇക്കാര്യത്തിലൊരു തീരുമാനം എടുക്കാനാവില്ലെന്നും കടകളില്‍ പരിശോധന നടത്താന്‍ പൊലീസിനെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുപിയില്‍ യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അനധികൃത അറവുശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ആട്ടിറച്ചി വില്‍ക്കുന്നതിന് 147 ഓളം കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ടായിരുന്നു. ഏപ്രില്‍ 15ഓടെ പ്രവര്‍ത്തനാനുമതി അവസാനിച്ച ഇവയ്ക്ക് അനുമതി നീട്ടി നല്‍കേണ്ടന്നാണ് കോര്‍പ്പറേഷന്റെ തീരുമാനം.
പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ മാംസവ്യാപാരികള്‍ ലഖ്‌നൗവില്‍ പ്രതിഷേധം നടത്തി.
ലഖ്‌നൗ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി തങ്ങളുടെ ഉപജീവന മാര്‍ഗമില്ലാതാക്കുകയാണെന്നു മാംസവ്യാപാരികള്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിബന്ധനകള്‍ക്കനുസരിച്ച് കടകള്‍ നവീകരിക്കാന്‍ ധനസഹായം നല്‍കണമെന്നും വ്യാപാരികള്‍ അറിയിച്ചു.