മുംബൈ: ഐപിഎല്‍ സീസണ്‍ 15 ന്റെ മെഗാലേലം അടുക്കുന്നതിനിടെ ഈ വര്‍ഷം പുതുതായി ചേര്‍ക്കപ്പെട്ട ടീമുകളിലൊന്നായ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ ടീം തങ്ങളുടെ പേര് പ്രഖ്യാപിച്ചു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നാണ് ടീമിന്റെ പേര്.
സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പ് 7090 കോടിക്കായിരുന്നു ടീമിനെ സ്വന്തമാക്കിയത്. ലേലത്തിന് മുമ്പ് താരങ്ങളെ തെരഞ്ഞെടുക്കാനുള്ള അവസരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുലിനെ 17 കോടിക്ക് ടീം സ്വന്തമാക്കിയിരുന്നു. രാഹുലായിരിക്കും ടീമിന്റെ ക്യാപ്റ്റന്‍. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടിയ പ്രതിഫലമാണിത്. നേരത്തെ വിരാട് കോഹ്ലിയും 17 കോടി പ്രതിഫലത്തില്‍ 2018 മുതല്‍ 2021 വരെ ബാഗ്ലൂര്‍ ടീമില്‍ കളിച്ചിരുന്നു.
രാഹുലിനെ കൂടാതെ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോനിസിനെയും ലഖ്‌നൗ സ്വന്തമാക്കിയിരുന്നു. 9.2 കോടിക്കാണ് കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ ഭാഗമായിരുന്ന സ്‌റ്റോനിസിനെ ലഖ്‌നൗ സ്വന്തമാക്കിയത്. അത് കൂടാതെ ഇന്ത്യന്‍ യുവതാരം രവി ബിഷ്‌ണോയിയെ 4 കോടിക്ക് ടീം സ്വന്തമാക്കിയിരുന്നു.
ലഖ്‌നൗവിനൊപ്പം ഈ വര്‍ഷത്തെ പുതുതായി ലീഗില്‍ ഉള്‍പ്പെട്ട ടീമായ അഹമ്മദാബാദ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യയേയും അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാനെയും 15 കോടിക്ക് ടീമിലെത്തിച്ചിട്ടുണ്ട്. ഹര്‍ദിക്കായിരിക്കും ടീമിന്റെ ക്യാപ്റ്റന്‍.