ലഖ്‌നൗ: മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതിരുന്ന വിദ്യാര്‍ത്ഥിക്ക് ലഖ്‌നൗ സര്‍വകലാശാല 20,000 രൂപ പിഴ ചുമത്തി. രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥി ആയുഷ് സിങിനാണ് പിഴ ചുമത്തിയത്. മെസ്സില്‍ നിന്ന് പണം നല്‍കാതെ ഇനി ഭക്ഷണം കഴിക്കില്ലെന്ന് നൂറു രൂപയുടെ മുദ്രപ്പത്രത്തില്‍ എഴുതി നല്‍കാനും സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടു
ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സെന്‍ട്രല്‍ മെസ്സില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ ദിവസേന വീട്ടില്‍ പോയി വരുന്ന ആയുഷ് സിങ് പണം നല്‍കാതെ മെസ്സില്‍ നിന്ന് രണ്ട് മാസത്തോളം ഭക്ഷണം കഴിച്ചെന്നാണ് സര്‍വകലാശാല അധികൃതര്‍ ആരോപിക്കുന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആയുഷിനെ ചോദ്യം ചെയ്തപ്പോള്‍ പേര് മാറ്റി പറഞ്ഞ് ഇടക്കിടെ മെസ്സില്‍ നിന്ന് ഭക്ഷണം കഴിക്കുമായിരുന്നു എന്ന് സമ്മതിച്ചതായും അധികൃതര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി ദിവസവും കഴിച്ച ഭക്ഷണത്തിന്റെ വിലയ്‌ക്കൊപ്പം പിഴ കൂടി ചേര്‍ത്താണ് 20,000 രൂപ ഈടാക്കാന്‍ തീരുമാനിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ സര്‍വകലാശാലയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.