ലഖ്‌നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡ്യയാണ് തകര്‍ത്തത്. അമിത് മിശ്രയ്ക്ക് രണ്ട് വിക്കറ്റുണ്ട്. 41 പന്തില്‍ 35 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് ടോപ് സ്‌കോറര്‍. അന്‍മോല്‍പ്രീത് സിംഗ് (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിനെത്തിയ ലഖ്‌നൗ 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കെ എല്‍ രാഹുല്‍ (31 പന്തില്‍ 35), ക്രുനാല്‍ പാണ്ഡ്യ (23 പന്തില്‍ 34) എന്നിവരാണ് തിളങ്ങിയത്. ആദില്‍ റഷീദ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഫസല്‍ഹഖ് ഫാറൂഖി, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
ക്രുനാല്‍, രാഹുല്‍ എന്നിവരെ കൂടാതെ കെയ്ല്‍ മയേഴ്‌സ് (13), ദീപക് ഹൂഡ (7), റൊമാരിയോ ഷെഫേര്‍ഡ് (0) എന്നിവരുടെ വിക്കറ്റുളാണ് ലഖ്‌നൗവിന് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ രാഹുലിനൊപ്പം 35 റണ്‍സ് ചേര്‍ത്ത ശേഷം അഞ്ചാം ഓവറിലാണ് മയേഴ്‌സ് മടങ്ങുന്നത്. ഫാറൂഖിയുടെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ മായങ്ക് അഗര്‍വാളിന് ക്യാച്ച്. ഹൂഡ, ഭുവനേശ്വറിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. ക്രുനാല്‍, ഉമ്രാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അന്‍മോല്‍പ്രീത് സിംഗിന് ക്യാച്ച് നല്‍കി. വിജയത്തിന് എട്ട് റണ്‍സ് മാത്രം അകലെ രാഹുലിനേയും ഷെഫേര്‍ഡിനേയും റഷീദ് അടുത്തടുത്ത പന്തുകളില്‍ മടക്കി. എന്നാല്‍ മാര്‍കസ് സ്റ്റോയിനിസിനെ (10) കൂട്ടുപിടിച്ച് നിക്കോളാസ് പുരാന്‍ (11) വിജയം പൂര്‍ത്തിയാക്കി.
മൂന്നാം ഓവറില്‍ തന്നെ ഹൈദരാബാദിന് ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ (8) വിക്കറ്റ് നഷ്ടമായി. പാണ്ഡ്യയുടെ പന്തില്‍ ഷോര്‍ട്ട് കവറില്‍ സ്‌റ്റോയിനിസ് ക്യാച്ച് നല്‍കിയാണ് അഗര്‍വാള്‍ മടങ്ങിയത്. എട്ടാം ഓവറില്‍ അന്‍മോല്‍പ്രീതിനെ ക്രുനാല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ എയ്ഡന്‍ മാര്‍ക്രം (0) ബൗള്‍ഡായി. ടീമിന്റെ ക്യാപ്റ്റനായുള്ള മാര്‍ക്രമിന്റെ അരങ്ങേറ്റം അദ്ദേഹം മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാായി. ഹാരി ബ്രൂക്കാവട്ടെ (3) രവി ബിഷ്‌ണോയിക്ക് വിക്കറ്റ് നല്‍കി. വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു ബ്രൂക്കിനെ. 28 പന്തുകള്‍ നേരിട്ട വാഷിംഗ്ടണ്‍ സുന്ദറിന് ഒരു ബൗണ്ടറി പോലും നേടാനായില്ല.
16 റണ്‍സെടുത്ത സുന്ദര്‍, മിശ്രയുടെ പന്തില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കി. ആദില്‍ റഷീദിനേയും (4) മിശ്ര മടക്കി. ഉമ്രാന്‍ (0) റണ്ണൗട്ടായി. അബ്ദുള്‍ സമദാണ് (10 പന്തില്‍ 21) സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചത്. ഭുവനേശ്വര്‍ കുമാര്‍ (0) പുറത്താവാതെ നിന്നു.