വയനാട്: സഭയില്‍ നിന്നും പുറത്തു പോകണമെന്നാവശ്യപെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും നോട്ടീസ്. പുറത്തു പോയില്ലെങ്കില്‍ പുറത്താക്കുമെന്നും മുന്നറിയിപ്പിലുണ്ട്. പുറത്തു പോകുന്നില്ലെങ്കില്‍ കാരണം ഏപ്രില്‍ 16ന് മുമ്പ് അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. സ്വയം ഒഴിഞ്ഞു പോകാന്‍ തയ്യാറാണെങ്കില്‍ വ്രത മോചനത്തിനുള്ള സൗകര്യങ്ങളെല്ലാം സന്തോഷത്തോടെ ചെയ്ത് തരാമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
സിനഡ് തിരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നതാണ് സിസ്റ്റര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നല്‍കാത്തതും ദാരിദ്ര്യവ്രതത്തിനു വിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നു. ലൂസി കളപ്പുര കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീകള്‍ പിലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചെന്നും നോട്ടീസ് സൂചിപ്പിക്കുന്നുണ്ട്.
കന്യാസ്ത്രീ സമരങ്ങളില്‍ പങ്കെടുത്തു എന്നാണ് ഇതിന് മുന്‍പ് രണ്ട് തവണ നല്‍കിയ നോട്ടീസിലും പ്രധാന കുറ്റമായി ആരോപിച്ചിരുന്നത്. ഈ രണ്ട് നോട്ടീസിനും സിസ്റ്റര്‍ ലൂസി കളപ്പുര മറുപടിയും നല്‍കിയിരുന്നു.
അതേസമയം സന്യാസം വിട്ട് പോകാനല്ല സന്യാസ വ്രതം തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. മുന്‍പ് നല്‍കിയ നോട്ടീസിനെല്ലാം കനോന്‍ നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച് തന്നെയാണ് മറുപടി നല്‍കിയതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.