സൗരയൂഥത്തിലെ ചെറിയ ഛിന്നഗ്രഹങ്ങളിലൊന്നായ ഡിങ്കനേഷിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു ‘ലൂസി’

സൗരയൂഥത്തിലെ ചെറിയ ഛിന്നഗ്രഹങ്ങളിലൊന്നായ ഡിങ്കനേഷിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ഛിന്നഗ്രഹ നിരീക്ഷണത്തിനായി നാസ വികസിപ്പിച്ച ലൂസി പേടകമാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. സൗരയൂഥത്തിലെ പല ഛിന്നഗ്രഹങ്ങളെ 12 വര്‍ഷം നീളുന്ന തന്റെ യാത്രയില്‍ പകര്‍ത്താനാണ് ലൂസി ലക്ഷ്യമിടുന്നത്. ഈ നിരീക്ഷണയാത്രയുടെ തുടക്കമാണ് ഡിങ്കനേഷിന്റെ ചിത്രങ്ങളിലൂടെ രേഖപ്പെടുത്തപ്പെട്ടത്.

ലൂസിയിലുള്ള ലൂസി ലോങ് റേഞ്ച് റീക്കണൈസന്‍സ് ഇമേജര്‍ അഥവാ ലോറി എന്ന ഉപകരണമാണ് ചിത്രമെടുത്തത്. ഡിങ്കിനേഷില്‍ നിന്ന് 2.3 കോടി കിലോമീറ്റര്‍ ദൂരം അകലെ സ്ഥിതി ചെയ്തപ്പോഴാണ് ലൂസി ചിത്രം പകര്‍ത്തിയത്. കേവലം ഒരുകിലോമീറ്ററില്‍ താഴെ മാത്രം വ്യാസമുള്ള ചെറിയ ഛിന്നഗ്രഹമാണ് ഡിങ്കനേഷ്. 1999 നവംബര്‍ നാലിന് ന്യൂമെക്സിക്കോയിലെ സൊക്കോറോയില്‍ സ്ഥിതി ചെയ്യുന്ന ലിങ്കണ്‍ നീയര്‍ എര്‍ത്ത് ആസ്റ്ററോയ്ഡ് റിസര്‍ച് (ലീനിയര്‍) സര്‍വേയാണ് ഡിങ്കനേഷ് ഛിന്നഗ്രഹത്തിന്റെ ചിത്രമെടുത്തത്.

ലോഹങ്ങളല്ല മറിച്ച് കല്ലാണ് ഈ ഛിന്നഗ്രഹത്തില്‍ പ്രധാനമായുള്ളത്. നീളമുള്ള ഘടനയുള്ള ഛിന്നഗ്രഹമാണ് ഡിങ്കനേഷ്. 52.67 മണിക്കൂറാണ് ഇതിന്റെ ഭ്രമണസമയം. 1999 നവംബറില്‍ തന്നെ ഡിങ്കനേഷ് മനുഷ്യരുടെ നിരീക്ഷണവലയത്തില്‍ നിന്ന് പുറത്തുപോയിരുന്നു. എന്നാല്‍ 2004ല്‍ ഇതിനെ വീണ്ടും കണ്ടെത്തി.1974ല്‍ ഇത്യോപ്യയില്‍ നിന്നു കണ്ടെത്തിയ പ്രശസ്ത ആദിമനര ഫോസിലായ ലൂസിയില്‍ നിന്നാണ് ലൂസി ദൗത്യത്തിന് ഈ പേര് കിട്ടിയിരിക്കുന്നത്.

നവംബര്‍ ഒന്നിന് ഡിങ്കനേഷ് ഛിന്നഗ്രഹത്തിന്റെ 425 കിലോമീറ്റര്‍ അടുത്ത് ലൂസിയെത്തും. 2021 ഒക്ടോബര്‍ 16ന് കേപ് കാനവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്നാണ് ലൂസി വിക്ഷേപിക്കപ്പെട്ടത്. യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ അറ്റ്ലസ് വി 401 റോക്കറ്റാണ് ദൗത്യത്തെ വഹിച്ചത്. വ്യാഴത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ട്രോജന്‍ ആസ്റ്ററോയ്ഡുകള്‍ പഠിക്കുകയാണ് ലൂസിയുടെ പ്രധാനലക്ഷ്യം.

 

Top