ഗറില്ല സംഘത്തില്‍ നിന്ന് മോചിതനായ തന്റെ പിതാവിനൊപ്പമുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ലൂയിസ് ഡയസ്

ബൊഗോട്ട: ഗറില്ല സംഘത്തില്‍ നിന്ന് മോചിതനായ തന്റെ പിതാവിനൊപ്പമുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ലിവര്‍പൂള്‍ താരം ലൂയിസ് ഡയസ്. ഒക്ടോബര്‍ 28നാണ് ഇ എല്‍ എന്‍ എന്ന പേരിലറിയപ്പെടുന്ന നാഷണല്‍ ലിബറേഷന്‍ ആര്‍മി, താരത്തിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടുപോയത്. പൊലീസിന്റെ ഇടപെടലില്‍ താരത്തിന്റെ മാതാവിനെ നേരത്തെ മോചിപ്പിച്ചിരുന്നു. എന്നാല്‍ പിതാവ് 12 ദിവസത്തിനൊടുവിലാണ് മോചിപ്പിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ഗോളടിച്ച ശേഷം തന്റെ പിതാവിനെ മോചിക്കണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു. ലൂട്ടണ്‍ ടൗണിനെതിരായ മത്സരത്തിന് ശേഷമാണ് താരം വികാര പ്രകടനം നടത്തിയത്. മത്സരത്തില്‍ പകരക്കാരനെയെത്തിയ ലൂയിസ് ഇഞ്ചുറി ടൈമില്‍ ഗോളടിച്ച് ലിവര്‍പൂളിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു.

അബദ്ധത്തില്‍ താരത്തിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടുപോയെന്നാണ് ഇ എല്‍ എന്‍ അറിയിച്ചത്. ഗ്രൂപ്പിന്റെ ഉയര്‍ന്ന നേതാക്കള്‍ ഇടപെട്ട് ലൂയിസിന്റെ പിതാവിന്റെ മോചനം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കൊളംബിയന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ താരത്തിന്റെ പിതാവിനെ വിട്ടയച്ചു. കൊളംബിയന്‍ സൈന്യത്തെ അയക്കില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പിതാവിന്റെ മോചനം.

Top