മോസ്‌കോ: റഷ്യയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച രാജ്യമാണ് ക്രൊയേഷ്യ. ടീമിലെ എല്ലാ നീക്കങ്ങളും രചിച്ചതും ടീമിന്റെ നായകനായതും ലൂക്കാ മോഡ്രിച്ചാണ്. എത്രയൊക്കെ വലകള്‍ നെയ്തിട്ടും ഫൈനലില്‍ വിജയം കൈവരിക്കാന്‍ ക്രൊയേഷ്യയ്ക്ക് സാധിച്ചില്ല. എങ്കിലും മോഡ്രിച്ചിന്റെ കളിയെ അംഗീകരിച്ചുകൊണ്ട് ഫിഫ അദ്ദേഹത്തെ ആദരിച്ചത് ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള സ്വര്‍ണപന്ത് നല്‍കിയാണ്.
എന്നാല്‍ ഈ പുരസ്‌കാരം തനിക്ക് മധുരവും കയ്പും ഒരുപോലെ നിറഞ്ഞതാണെന്നാണ് മോഡ്രിച്ചിന്റെ പ്രതികരണം. തോല്‍വി വേദനിപ്പിക്കുന്നതാണ്. ലോകകപ്പ് നേടാന്‍ എല്ലാ അര്‍ഹതയും തങ്ങള്‍ക്കുണ്ടായിരുന്നു. ഫൈനല്‍ വരെ എത്തിയതില്‍ അഭിമാനമുണ്ട്. ഒരിക്കലും തങ്ങള്‍ വിട്ടുകൊടുത്തില്ല. അവസാനം വരെ പോരാടുക തന്നെ ചെയ്‌തെന്നും മോഡ്രിച്ച് വ്യക്തമാക്കി. എന്നെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും മോഡ്രിച്ച് പറഞ്ഞു.