കര്‍ണാടകയില്‍ 30 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ലുലുഗ്രൂപ്പ്

കൊച്ചി: ലുലു ഗ്രൂപ്പ് കര്‍ണാടകത്തില്‍ 30 കോടി ഡോളറിന്റെ (ഏതാണ്ട് 2,100 കോടി രൂപ) നിക്ഷേപം നടത്തുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിക്ഷേപം പ്രഖ്യാപിച്ചത്.

ബംഗളൂരുവിലും ഉത്തര കര്‍ണാടകത്തിലുമായി രണ്ടു ലോജിസ്റ്റിക് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു. ബംഗളൂരുവിലെ രാജാജി നഗറില്‍ നിര്‍മാണത്തിലിരിക്കുന്ന ലുലു മാള്‍ 2020 ജൂലായോടെ സജ്ജമാകും. ബംഗളൂരുവിലോ മംഗലാപുരത്തോ മറ്റൊരു ഷോപ്പിങ് മാള്‍ കൂടി തുടങ്ങാനും പദ്ധതിയുണ്ട്. ഇതിനു പുറമെ, ഗ്രൂപ്പിനു കീഴിലുള്ള ട്വന്റി14 ഹോള്‍ഡിങ്‌സ് ബംഗളൂരുവില്‍ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് 2020 നവംബറില്‍ ബംഗളൂരുവില്‍ വെച്ച് നടക്കുന്ന ഇന്‍വെസ്റ്റ് കര്‍ണാടക ആഗോള നിക്ഷേപക സംഗമത്തിലേക്കുള്ള ആദ്യ ക്ഷണക്കത്ത് മുഖ്യമന്ത്രി യെദ്യൂരപ്പ ലുലു ചെയര്‍മാന് കൈമാറി. ആഗോള കമ്പനികളായ എച്ച്.പി, വോള്‍വോ, ജനറല്‍ ഇലക്ട്രിക്കല്‍സ്, ഡസൗള്‍ട്ട് ഏവിയേഷന്‍ എന്നിവയുടെ മേധാവികളുമായി യൂസഫലി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന ഇന്‍വെസ്റ്റ് ഇന്ത്യ സമ്മേളനത്തില്‍ കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ എം.എ. യൂസഫലി വിവരിക്കും.

Top