ദോഹ/ദുബായ്: പേരുകള്‍ പോലെ രുചിയിലും നിറത്തിലും രൂപത്തിലും വ്യത്യസ്തമായ ഒട്ടനേകം മാമ്പഴങ്ങളുടെ ആഗോള ഉല്‍സവം യുഎഇയിലെയും ഖത്തറിലെയും ലുലു ഹൈപ്പര്‍മാറ്റുകളില്‍ തുടങ്ങി. മാംഗോ മാനിയ 2021 എന്ന പേരില്‍ നടക്കുന്ന മാമ്പഴോല്‍സവം ഖത്തറിലെ അല്‍ ഗറാഫ ബ്രാഞ്ചില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലും ദുബായ് സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയും ഉദ്ഘാടനം ചെയ്‌തു.
കഴിഞ്ഞ 20 വര്‍ഷമായി മാംഗോ ഫെസ്റ്റിവല്‍ നടത്തുന്ന ലുലു ഗ്രൂപ്പാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ആദ്യമായി ഇത്തരമൊരു മേളയ്ക്ക് തുടക്കമിട്ടത്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള 50 ഓളം വ്യത്യസ്ത ഇനം മാങ്ങകള്‍ ഇത്തവണ മാംഗോ മേളയിലുണ്ട്.
ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, പാകിസ്താന്‍, ബംഗ്ലാദേശ്, കൊളംബിയ, ബ്രസീല്‍, സുഡാന്‍, യെമന്‍, തായ്ലന്റ്, കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മാങ്ങകളാണ് പ്രധാനമായും ഫെസ്റ്റിവലിലുള്ളത്. അല്‍ഫോണ്‍സോ, ഹിമപസന്ത്, സിന്ദൂരം, സിന്ദിരി, ബദാമി, കേസര്‍, രാജാപുരി, തൊട്ടാപുരി, ദുസരി, ലംഗാര, നീലം, ബംഗനപള്ളി, മൂവാണ്ടന്‍, മാല്‍ഗോവ, മല്ലിക, ചക്കര ഗൗണ്ട് എന്നീ ജനപ്രിയ ഇനങ്ങള്‍ക്കു പുറമേ ചരിത്രപ്രധാന്യമുള്ള അഞ്ച് ഇന്ത്യന്‍ ഓര്‍ഗാനിക് മാങ്ങകളുമുണ്ട്. മാങ്ങകള്‍ കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ ഹോട്ട് ഫുഡ് സെക്ഷനിലും ബേക്കറി സെക്ഷനിലും ലഭ്യമാണ്. മാംഗോ മാനിയക്ക് ഉപഭോക്താക്കളില്‍ നിന്നും വലിയ പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലീം പറഞ്ഞു.