തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ജൂലൈ ആദ്യ വാരം മുതല്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളിലെ പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരിയും പലവ്യജ്ഞനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യുക.
സംസ്ഥാനത്തെ 26,26,763 വിദ്യാര്‍ത്ഥികള്‍ക്കാണ് കിറ്റ് ലഭിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഭക്ഷ്യ കിറ്റ് വിതരണത്തിന് ആകെ 81.37 കോടി രൂപയാണ് ചെലവ്. അതേസമയം സംസ്ഥാനത്ത് ത്രിവല്‍സര ബിരുദ കോഴ്‌സുകള്‍ തുടരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഈ അധ്യയന വര്‍ഷം തുടങ്ങാനിരിക്കുന്ന പുതിയ കോഴ്‌സുകളില്‍ മാത്രമാവും പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുക.
ബിരുദ കോഴ്‌സുകള്‍ നാല് വര്‍ഷമാക്കി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് വിശദീകരണം. സംസ്ഥാനത്ത് നിലവിലുളള ബിരുദ കോഴ്‌സുകള്‍ പലതിനും വിദേശ സര്‍വകലാശാലകളുടെ അംഗീകാരമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.
ഈ സാഹചര്യത്തിലാണ് ശാസ്ത്രവിഷയങ്ങളിലടക്കം നാല് വര്‍ഷം ഓണേഴ്‌സ് ബിരുദമെന്ന നിര്‍ദേശം എം ജി സര്‍വകലാശാല വിസി ഡോക്ടര്‍ സാബു തോമസ് അധ്യക്ഷനായ സമിതി സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമായി ഓണേഴ്‌സ് ബിരുദ കോഴ്‌സുകള്‍ തുടങ്ങാനാണ് ആലോചനയെന്നും ത്രിവല്‍സര ബിരുദം തുടരുമെന്നുമാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വിശദീകരണം.