ഹൂസ്റ്റണ്‍: ബഹിരാകാശത്ത് ഒരു ആഢംബര ഹോട്ടല്‍, അവിടെ താമസിക്കാനോ ഒരു രാത്രിക്ക് എട്ട് ലക്ഷം ഡോളറും ( ഏകദേശം 5.13 കോടി രൂപ). ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം എന്നൊന്നും വിചാരിക്കേണ്ട. 2021 ഓടെ ഈ സൗഭാഗ്യം നമുക്ക് നേടാനാവും.
384 സൂര്യോദങ്ങളും അസ്തമയവും 12 ദിവസം കൊണ്ട് കാണുക. അതും സങ്കല്‍പിക്കാനാകാത്ത ആംഗിളിലും ദൃശ്യവിന്യാസത്തിലും. ബഹിരാകാശത്ത് പോവുകയാണെങ്കില്‍ ഈ അപൂര്‍വ്വ സൗഭാഗ്യം നേടാം. അതിനുള്ള സൗകര്യം ഒരുക്കുകയാണ് ഓറിയോണ്‍ സ്പാന്‍ എന്ന സ്ഥാപനം.
ഹൂസ്റ്റണ്‍ കേന്ദ്രമായ ഓറിയോണ്‍ സ്പാന്‍ ആണ് ബഹിരാകാശത്ത് ഇത്തരമൊരു ആഡംബര ഹോട്ടലിന് തുടക്കമിടുന്നത്. 35 അടി നീളവും 14 അടി വീതിയുമുള്ള ഔറോറ സ്‌റ്റേഷനിലാണ് ഇത്തരമൊരു ആഢംബര സൗകര്യം ഒരുങ്ങുന്നത്. 2021ഓടെ ഈ സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും അതിനടുത്ത വര്‍ഷത്തോടെ അതിഥികളെ ഈ സ്‌റ്റേഷനിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലുമാണ് ഓറിയോണ്‍ സ്പാന്‍.
നാല് യാത്രക്കാരെയും രണ്ട് ക്രൂ അംഗങ്ങളെയും ഒരേ സമയം താമസിപ്പിക്കാനുള്ള സൗകര്യമുണ്ടാവും. ഭൂമിക്ക് ചുറ്റും 12 ദിസം കൊണ്ട് കറങ്ങി 384 സൂര്യോദയങ്ങളും അസ്തമയങ്ങളും കാണാനുള്ള അപൂര്‍വ്വ സൗഭാഗ്യവും ലഭിക്കും.
ഒരു സാഹസിക യാത്രികനില്‍ നിന്ന് 9.5 മില്ല്യണ്‍ ഡോളറാണ് ഈടാക്കുന്നത്. ഏതാണ്ട് 61 കോടി രൂപ. അതായത് ഒരു രാത്രിക്ക് 791,666 ഡോളര്‍(5.13 കോടി രൂപ). 51 ലക്ഷം മുന്‍കൂറായി നല്‍കി ഓണ്‍ലൈന്‍ ആയി യാത്ര ബുക്കും ചെയ്യാം.