കോഴിക്കോട്: ആഢംബര വാഹന മോഷണ സംഘം പൊലീസ് പിടിയില്‍. ചേവായൂര്‍ പൊലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് ഇരുവര്‍ സംഘത്തെ പിടികൂടിയത്. കുറ്റിക്കാട്ടൂര്‍ ഭൂമി ഇടിഞ്ഞ കുഴിയില്‍ സ്വദേശികളായ അരുണ്‍ കുമാര്‍ (22), അജയ് (22) എന്നിവരാണ് വാഹനo സഹിതം പൊലീസ് പിടിയിലായത്.
കോഴിക്കോട് നഗരത്തില്‍ ബൈക്കുകള്‍ മോഷണം പോവുന്നത് വ്യാപകമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശന്‍ രാത്രി കാലങ്ങളില്‍ കര്‍ശനമായ വാഹന പരിശോധനക്ക് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചേവായൂര്‍ എസ്‌ഐ ഷാന്‍ എസ്.എസിന്റെ നേതൃത്വത്തില്‍ വെള്ളിമാട്കുന്ന് പൂളക്കടവ് ഭാഗത്ത് വാഹന പരിശോധന നടത്തി വരുന്നതിനിടയിലാണ് കുന്ദമംഗലം ഭാഗത്ത് നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് മോഷ്ടിച്ച ബൈക്കുമായി വന്ന വാഹന മോഷ്ടാക്കളെ പിടികൂടിയത്.
വീടുകളിലും മറ്റ് പാര്‍ക്കിങ് സ്ഥലങ്ങളിലും നിര്‍ത്തിയിടുന്ന വില കൂടിയ ന്യൂജെന്‍ മോട്ടോര്‍ ബൈക്കുകളാണ് ഇവര്‍ മോഷണം നടത്തുന്നത്. വാഹനത്തിന്റെ ഹാന്റ് ലോക്ക് തകര്‍ത്ത് വയര്‍ ഷോട്ടാക്കിയാണ് വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നത്. വാഹനത്തിന്റെ നമ്പര്‍ മാറ്റാതെ ദിവസങ്ങളോളം ഉപയോഗിച്ച് ഉപേക്ഷിക്കുകയും പിന്നീട് മറ്റൊരു ബൈക്ക് മോഷ്ടിച്ച് ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ മുക്കം, മെഡിക്കല്‍ കോളേജ്, കുന്ദമംഗലം, ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് കൂടുതല്‍ വാഹനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും പെട്രോള്‍ തീര്‍ന്ന വാഹനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.