ആഢംബര വാഹനമായ ലെക്‌സസിന്റെ മൂന്ന് മോഡലുകളും എത്തി

ഢംബര വാഹനമായ ലെക്‌സസിന്റെ മൂന്ന് മോഡലുകളും എത്തുന്നു. രണ്ട് സെഡാന്‍ കാറുകളും ഒരു എസ്.യു.വി.യുമാണ് ആഡംബരത്തിന്റെ പ്രൗഢിയോടെ അവതരിപ്പിക്കുന്നത്. സെഡാന്‍ മോഡലായ ഇ.എസ്.300 എച്ച് കാറിന്റെ ഷോറൂം വില 59.13 ലക്ഷം രൂപയാണ്. ലക്ഷ്വറി മോഡലായ എല്‍.എസ്.500 എച്ചിന്റെ വില 1.82 കോടി രൂപയാണ്. എസ്.യു.വി. മോഡല്‍ എന്‍.എക്‌സ്.300 എച്ച് സ്വന്തമാക്കാന്‍ 54.78 ലക്ഷം രൂപ ചെലവാക്കണം.

ഇന്റീരിയറും എക്സ്റ്റീരിയറും ഹാന്‍ഡ്ക്രാഫ്റ്റാണ് എന്നതാണ് ലെക്‌സസിന്റെ പ്രത്യേകത. ലെക്‌സസ് എന്ന പേരിന്റെ ആദ്യ അക്ഷരമായ ‘എല്‍’ല്‍ തുടങ്ങുന്ന രീതിയിലുള്ള ഡിസൈനാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. ലെഡ് ലാമ്പടക്കം കാറിന്റെ പുറത്തും കൂടെ അകത്തും ഈ ആകൃതിയിലാണ് ഡിസൈനിങ് നടന്നിരിക്കുന്നത്. ഹൈ ക്വാളിറ്റി ലെതറാണ് ഇന്റീരിയറിനായി ഉപയോഗിച്ചിരിക്കുന്നത്. അള്‍ട്രാവയലറ്റ് പ്രൊട്ടക്ടഡ് ഗ്ലാസാണ് വാഹനത്തിലുള്ളത്.

എയര്‍ കണ്ടീഷനിലാകട്ടെ പ്ലാസ്മ നാനോ എ.സി. സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. കാറിനകം തണുപ്പിക്കുന്നതില്‍ക്കവിഞ്ഞ് വായു ശുദ്ധമാക്കാനും ഈ സിസ്റ്റം ഉപയോഗിച്ച് കഴിയും. മാര്‍ക്ക് ലെവിന്‍സണ്‍ ബ്രാന്‍ഡിന്റെ ത്രിഡി സൗണ്ട് സിസ്റ്റമാണ് സംഗീതം നല്‍കുക.

ഹൈബ്രിഡ് കാറുകളിലെ ആഡംബര നാമമായ ലെക്‌സസിന്റെ എല്‍.എസ്.500 എച്ച് അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഡെട്രോയിറ്റ് മോട്ടോര്‍ ഷോയിലായിരുന്നു എല്‍.എസ്.500 അവതരിപ്പിക്കപ്പെട്ടത്. കൂപ്പെയുടെ ആകാരത്തിലും വലിപ്പത്തിലും ഇറങ്ങുന്ന ലെക്‌സസിന്റെ ആദ്യ ഹൈബ്രിഡാണിത്. 3.6 ലിറ്റര്‍ വി 6 പെട്രോള്‍ എന്‍ജിനൊപ്പം 354 ബി.എച്ച്.പി. കരുത്ത് ഉത്പാദിപ്പിക്കുന്ന രണ്ട് വൈദ്യുത മോട്ടോറുകളുണ്ട്. മള്‍ട്ടി സ്റ്റേജ് സി.വി.ടി.യാണ് കരുത്ത് പിന്‍ചക്രങ്ങളിലേക്കെത്തിക്കുക. ലക്ഷ്വറി, അള്‍ട്രാ ലക്ഷ്വറി, ഡിസ്റ്റിങ്റ്റ് എന്നീ മൂന്ന് വേരിയന്റുകളിലാണ് എല്‍.എസ്.500 എച്ച്. വില്‍പനയ്‌ക്കെത്തുന്നത്.

പിന്നിലെ സീറ്റുകള്‍ 22 രീതിയില്‍ ക്രമീകരിക്കാന്‍ കഴിയും. മുന്നിലെ സീറ്റുകളാകട്ടെ 28 തരത്തില്‍ ക്രമീകരിക്കാന്‍ കഴിയും. റാപ്പിഡ് ഹൈറ്റ് ഫങ്ഷനോടെയുള്ള എയര്‍ സസ്‌പെന്‍ഷന്‍, 24 ഇഞ്ച് ഹെഡ് അപ്പ് ഡിസ്‌പ്ലേ എന്നീ ആഡംബരങ്ങളും ഇതിലൊരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി അലുമിനിയം, കരുത്തേറിയ സ്റ്റീല്‍ എന്നിവയും ഉപയോഗിച്ച് നിര്‍മിച്ചതാണ് വാഹനത്തിന്റെ ബോഡി. അമ്പിന്റെ ആകൃതിയിലുള്ള ഡി.ആര്‍.എല്ലും എല്‍.ഇ.ഡി. ലാമ്പുകളുമാണ് ഹെഡ്‌ലൈറ്റ് ക്ലസ്റ്ററിന് മിഴിവേകുന്നത്. ലെക്‌സസിന്റെ ട്രേഡ് മാര്‍ക്കായ ഗ്രില്ലിന് അല്പംകൂടി വലിപ്പം കൂടിയിട്ടുണ്ട്. അത് വാഹനത്തിന് കൂടുതല്‍ മിഴിവു നല്‍കുന്നുണ്ട്.

ബെയ്ജിങ് മോട്ടോര്‍ ഷോയിലായിരുന്നു ലെക്‌സസ് ഇ എസ്.300 എച്ച് പുറത്തിറക്കിയത്. 2.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനൊപ്പം ലെക്‌സസിന്റെ നാലാം തലമുറ ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റവും ഒത്തുചേരുന്നു.

Top