തിരുവനന്തപുരം: ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മൂവായിരത്തില്‍ അധികം ഗാനങ്ങള്‍ ബിച്ചു തിരുമല മലയാള സിനിമക്കായി സമ്മാനിച്ചിട്ടുണ്ട്.
സി.ജെ. ഭാസ്‌കരന്‍ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13നാണ് ബിച്ചു തിരുമല ജനിച്ചത്. ബി. ശിവശങ്കരന്‍ നായര്‍ എന്നാണ് യഥാര്‍ഥ പേര്. പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകന്‍ ദര്‍ശന്‍ രാമന്‍ എന്നിവരാണ് സഹോദരങ്ങള്‍. 1972ല്‍ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്.
പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ചു. ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് എഴുപതുകളിലും എണ്‍പതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. പ്രമുഖ സംഗീതസംവിധായകനായ എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ ഈണം നല്‍കിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ എഴുതിയതും അദ്ദേഹമാണ്. പ്രസന്നയാണ് ഭാര്യ. സുമന്‍ മകനാണ്.
രാകേന്ദു കിരണങ്ങള്‍, വാകപ്പൂമരം ചൂടും, മൈനാകം, ഓലത്തുമ്പത്തിരുന്ന്,ആലിപ്പഴം, തേനും വയമ്പും തുടങ്ങി മലയാളികളുടെ ഓര്‍മയില്‍ എന്നും നിലനില്‍ക്കുന്ന പാട്ടുകള്‍ അദ്ദേഹത്തിന്റെ തൂലികത്തുമ്പില്‍ നിന്നാണ്. മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്‌കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്.