ശാസ്ത്രീയ രീതി പിന്തുടര്‍ന്നാണ് സി.പി.എം സമ്മേളനങ്ങള്‍ നടത്തുന്നതെന്ന് എം.എ ബേബി

തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലും തുടരുന്ന സിപിഎം ജില്ലാ സമ്മേളനങ്ങളെ ന്യായീകരിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എം എ ബേബി. സിപിഎം സമ്മേളനങ്ങള്‍ മാസ്‌ക് ധരിച്ച്, അകലം പാലിച്ചാണ് നടത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞു.

എല്ലാം അടച്ചിടണം ഇല്ലെങ്കില്‍ ഒരു നിയന്ത്രണവും വേണ്ട എന്നീ രണ്ടു നിലപാടും ശരിയല്ല. മാസ്‌ക്ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നതാണ് ശാസ്ത്രീയ രീതി. ശാരീരിക അകലം പാലിച്ചാണ് സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നതെന്നും പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.

കൊവിഡില്‍ കേരളം മുങ്ങുമ്പോഴും സംസ്ഥാനം, ജില്ലാ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങുമ്പോഴും കാസര്‍ക്കോട്ടും തൃശ്ശൂരിലും സിപിഎം സമ്മേളനങ്ങള്‍ നടക്കുകയാണ്. വിമര്‍ശനങ്ങളുയരുമ്പോഴും സമ്മേളം നടത്തുമെന്ന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വങ്ങള്‍. കാസര്‍കോട് 185 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. തൃശൂരില്‍ 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്താനാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലാണ് ഇത്രയേറെപ്പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ സമ്മേളനം നടത്തുമെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെകട്ടറി എംവി ബാലകൃഷ്ണന്‍ അറിയിച്ചു.

ലോകഡൗണ്‍ ദിനമായ ഞായറാഴ്ച നടപടിക്രമങ്ങള്‍ പെട്ടെന്ന് അവസാനിപ്പിക്കാനാണ് തീരുമാനമെന്നും സിപിഎം അറിയിച്ചു. ജില്ലാ സമ്മേളനത്തിന് മാറ്റമില്ലെന്നും ലോക്ക് ഡൗണ്‍ ദിവസമായ ഞായറാഴ്ചത്തെ സമ്മേളന നടത്തിപ്പ് എങ്ങനെയാകണമെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് അറിയിച്ചത്. അന്നത്തെ സാഹചര്യം അനുസരിച്ചായിരിക്കും തീരുമാനമെന്നും സമ്മേളന സ്ഥലത്ത് കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

Top