കൊറോണ പ്രതിരോധത്തിനായി കൈകോര്‍ത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാനും; നല്‍കുന്നത് 10 കോടി

തിരുവനന്തപുരം: കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലി. കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കവെയാണ് മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് യൂസഫലി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന അതീവ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോള്‍ ദുരിതാശ്വാസ നിധി വഴി പണം സമാഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വാഗ്ദാനം നല്‍കിയവര്‍ അത് ചെയ്യണമെന്നും ആകുന്ന സംഭാവന എല്ലാവരും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 34 കേസുണ്ട്. രണ്ട് പേര്‍ കണ്ണൂര്‍ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി.

Top