കാസർകോട് : ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്ലിനൊടുവിലാണ് കമറുദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. ചന്ദേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അറസ്റ്റ്. 15 കോടിയുടെ തട്ടിപ്പ് തെളിഞ്ഞെന്ന് പൊലീസ് പറയുന്നു.
ഗുരുതര വകുപ്പുകളാണ് എംഎല്‍എയ്ക്ക് എതിരെ ചുമത്തിയത്. വിശ്വാസ വഞ്ചന, നിക്ഷേപ സംരക്ഷണ വകുപ്പ് എന്നിവ ചുമത്തിയിട്ടുണ്ട്. തെളിവുകളെല്ലാം എംഎല്‍എയ്ക്ക് എതിരെന്ന് അന്വേഷണ സംഘം പറയുന്നു. കേസില്‍ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്‌തേക്കും. തങ്ങളെ എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കേസിൽ കമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങൾ ഇകെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവാണ്. കമറുദ്ദീനേയും പൂക്കോയ തങ്ങളേയും മുന്നിൽ കണ്ടും ഇവരുടെ വാക്കുകൾ വിശ്വസിച്ചുമാണ് നിരവധി സാധാരണക്കാർ ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ചത്. പ്രശ്നം ഒത്തുതീർപ്പാക്കാൻ ലീഗ് നേരിട്ട് നടത്തിയ മധ്യസ്ഥത ശ്രമങ്ങൾ പരാജയപ്പെട്ടിട്ടു പോലും നിരവധി പേർ ഇതുവരെ പരാതി നൽകാതെ മാറി നിന്നിരുന്നു. കമറുദ്ദീൻ്റെ അറസ്റ്റോടെ ഇവരും ഇനി പരാതിയുമായി പൊലീസിൽ എത്താനാണ് സാധ്യത.
നിക്ഷേപ സമാഹരണം നടത്തിയത് തന്റെ മാത്രം ഉത്തരവാദിത്തത്തിലല്ലെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കമറുദ്ദീൻ മൊഴി നല്‍കിയിരുന്നു. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതികളുടെ എണ്ണം 115 ആയ ഘട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം എം സി കമറുദ്ദീനെ ചോദ്യം ചെയ്തത്. കാസര്‍ഗോഡ് എ എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കമറുദ്ദീനെ ചോദ്യം ചെയ്തത്. ഓഗസ്റ്റ് 27നാണ് ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി 115 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. ടി കെ പൂക്കോയ തങ്ങളെയും മറ്റ് ഡയറക്ടര്‍മാരെയും ചോദ്യം ചെയ്തതില്‍ നിന്നും ശക്തമായ തെളിവുകളാണ് എംഎല്‍എക്കെതിരെ ലഭിച്ചിട്ടുള്ളത്. ഇതാദ്യമായാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു എംഎൽഎ കേരളത്തിൽ അറസ്റ്റിലാവുന്നത്.