വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു

ചെന്നൈ: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാനവാസിന്റെ ആരോഗ്യസ്ഥതി കഴിഞ്ഞദിവസം അണുബാധയെത്തുടര്‍ന്നു വഷളാവുകയും ബുധനാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിക്കുകയുമായിരുന്നു. നിലവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായിരുന്നു.

2009ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. എ റഹ്മത്തുള്ളയായിരുന്നു അന്ന് ഷാനവാസിന്റെ എതിരാളി. 1,53,439 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്.

2010 ല്‍ രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് അദ്ദേഹം സജീവരാഷ്ട്രീയത്തില്‍നിന്നു മാറിനിന്നു. നീണ്ട ചികില്‍സകള്‍ക്കു ശേഷം പിന്നീട് പൊതുജീവിതത്തിലേക്കു തിരിച്ചെത്തി. 2014ലെ തിരഞ്ഞെടുപ്പില്‍ 20870 വോട്ടുകള്‍ക്ക് വിജയം ആവര്‍ത്തിച്ചു. എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരിയെയാണ് പരാജയപ്പെടുത്തിയത്.

കരള്‍ രോഗത്തെത്തുടര്‍ന്നു കഴിഞ്ഞ മാസം 31-നാണു ഷാനവാസിനെ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കല്‍ ആന്റ് റിസേര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചത്. ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കള്‍. മൃതദേഹം ഇന്ന് കൊച്ചിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് എറണാകുളം തൊട്ടത്തുംപടി പള്ളിയില്‍ നടക്കും.

Top