m.k issac kutty ksrtc financial department officer

ksrtc

തിരുവനന്തപുരം : കെഎസ്ആര്‍ടിസി കോര്‍പ്പറേഷനിലെ സാമ്പത്തിക ക്രമക്കേടിന് സര്‍ക്കാര്‍ കടിഞ്ഞാണിടുന്നു.

സീനിയര്‍ അക്കൗണ്ടന്റ് ജനറലായി വിരമിച്ച സാമ്പത്തിക വിദഗ്ദ്ധനായ എംകെ ഐസക് കുട്ടിയെ കോര്‍പ്പറേഷന്റെ സാമ്പത്തിക വിഭാഗത്തിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ് ഇടത് സര്‍ക്കാര്‍.

കെ എസ് ആര്‍ ടി സി ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ആന്റ് ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലാണ് ഐസക് കുട്ടിയുടെ നിയമനം. കൂടാതെ ഒഴിവുള്ള ജനറല്‍ മാനേജരുടെ തസ്തികയുടെ ചുമതല കൂടി ഐസക് കുട്ടിയ്ക്ക് കൈമാറാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതോടെ കോര്‍പറേഷന്റെ സാമ്പത്തിക നിയന്ത്രണത്തിനു പിന്നാലെ ഭരണ നിര്‍വ്വഹണവും ഇദ്ദേഹത്തിന്റെ ചുമതലയിലാകും.

ഒപ്പം സുതാര്യതയും ഉത്തരവാദിത്വമില്ലായ്മയും പതിവായ കോര്‍പറേഷനെ സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനും ഐസക് കുട്ടിയുടെ നിയമനം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഇപ്പോള്‍ സര്‍ക്കാര്‍ സഹായം ഒന്നുകൊണ്ടു മാത്രമാണ് കോര്‍പ്പറേഷന്‍ മുന്നോട്ടു നീങ്ങുന്നത്. ഈ മാസവും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവധിക്കുകയാണ്. ഇങ്ങനെ കോര്‍പ്പറേഷന്‍ ഒരു വെള്ളാനയായി മാറാതെ സ്വയം പര്യാപ്തതയില്‍ എത്തുക എന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് കെ എസ് ആര്‍ടിസിയുടെ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ആന്റ് ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ ഇത്രയും മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കുന്നത്. ഒക്ടോബര്‍ 31നാണ് ഐസക് കുട്ടി സീനിയര്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ പദവിയില്‍ നിന്നും വിരമിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്ത പരിചയ സമ്പത്തും ഇദ്ദേഹത്തിനുണ്ട് .

കെ എസ് ആര്‍ ടി സിയുടെ സാമ്പത്തിക വിനിയോഗത്തില്‍ നിലവില്‍ കോടികളുടെ വ്യത്യാസമാണുള്ളത്. ഇതില്‍ തന്നെ പല സാമ്പത്തിക ഇടപാടുകളിലും വ്യക്തതയില്ല. കെ റ്റി ഡി എഫ് സിയുമായുള്ള വായ്പാ ഇടപാടില്‍ തന്നെ 400 കോടി രൂപയുടെ അന്തരമുള്ളതായാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

കൂടാതെ പര്‍ച്ചെസ് ഉള്‍പ്പെടെയുള്ള പല സാമ്പത്തിക കാര്യങ്ങളിലും കാലങ്ങളായി ഒരു സര്‍ക്കാര്‍ സ്ഥാപനം
പുലര്‍ത്തേണ്ടതായ സുതാര്യമായ നടപടി ക്രമങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതുള്‍പ്പെടെ കെ എസ് ആര്‍ ടി സിയുടെ സാമ്പത്തിക വിഭാഗത്തിന് പരിമിതികളേറെയുണ്ടെന്ന് സര്‍ക്കാര്‍ നിശ്ചയിച്ച രക്ഷാ പായ്‌ക്കേജില്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇതുകൊണ്ട് തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധരായ ഉന്നത ഉദ്യോഗസ്ഥരെ ഈ തസ്തികയില്‍ നിയമിക്കണമെന്നും പായ്‌ക്കേജില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതുപ്രകാരമാണ് സാമ്പത്തിക വിദഗ്ധനായ എം കെ ഐസക് കുട്ടിയുടെ നിയമനം. സമാനമായ നിയമനത്തിലൂടെ വാട്ടര്‍ അതോറിറ്റിയിലും സാമ്പത്തിക നിയന്ത്രണത്തിന് സര്‍ക്കാര്‍ ആലോചനയുണ്ട് .

Top