അവസരവാദികളുടെ കൂട്ടമാണ് കേരളത്തിലെ യു.ഡി.എഫ് നേതൃത്വം. തരം കിട്ടിയാല്‍ അവര്‍ എങ്ങോട്ടുവേണമെങ്കിലും ചായും. ആരുടെ പിന്തുണ വാങ്ങാനും ഇക്കൂട്ടര്‍ക്ക് ഒരു മടിയുമില്ല.
കോ-ലീ-ബി സഖ്യം മുതല്‍ നിരവധി ചരിത്രങ്ങള്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ട്. ഇപ്പോള്‍ യു.ഡി.എഫിനെ ആകെ പരിഭ്രാന്തിയിലാക്കുന്നത് സര്‍ക്കാറിന്റെ നിലപാടുകളാണ്.
പൗരത്വ ഭേദഗതിയില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് രാഷ്ട്രീയപരമായി വലിയ മേധാവിത്വം ഇടതുപക്ഷത്തിന് നല്‍കിയതായാണ് യുഡിഎഫ് നേതാക്കള്‍ തന്നെ വിലയിരുത്തുന്നത്.
മുസ്ലീംലീഗ് ശക്തികേന്ദ്രങ്ങളില്‍ പോലും ചുവപ്പിന് അനുകൂലമായ കാറ്റ് വീശുന്നതില്‍ ലീഗ് നേതൃത്വവും അസ്വസ്ഥരാണ്.
ഇതിനെ മറികടക്കാന്‍ ലീഗ് നിയമസഭ കക്ഷി നേതാവ് ഡോ.എം.കെ മുനീര്‍ നടത്തിയ ഉപവാസത്തില്‍ പോലും മൈലേജ് കിട്ടിയതിപ്പോള്‍ പിണറായി സര്‍ക്കാറിനാണ്.
ഈ ഉപവാസത്തിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായിരുന്നത് കത്വ കേസിലെ അഭിഭാഷക ദീപിക സിങ് രജാവത്ത് ആയിരുന്നു. അവരാകട്ടെ പിണറായിയെ പുകഴ്ത്താനാണ് ഈ അവസരം വിനയോഗിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി വിഷയത്തില്‍ പിണറായി സ്വീകരിച്ച നിലപാട് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നാണ് ദീപിക സിങ് ചൂണ്ടിക്കാട്ടിയത്. കേരള മുഖ്യമന്ത്രി അത്തരം ഒരു നിലപാട് സ്വീകരിച്ചതോടു കൂടിയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കും അത് പിന്തുടരാനായതെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ പാത പിന്തുടര്‍ന്ന് പഞ്ചാബ് നിയമസഭയും അടുത്തിടെ പ്രമേയം പാസാക്കിയിരുന്നു. കോണ്‍ഗ്രസ്സ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ പ്രമേയം പാസാക്കണമെന്നാണ് ഹൈക്കമാന്റും നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ആദ്യമായി ഒരു ഹര്‍ജി നല്‍കിയ സംസ്ഥാനവും കേരളമാണ്. പ്രതിഷേധ രംഗത്ത് പുതിയ പോര്‍മുഖം തുറന്ന ഇടതു സര്‍ക്കാറിന്റെ ഈ നിലപാടാണ് ദീപിക സിങ് രജാവത്തിനെയും ഇപ്പോള്‍ സ്വാധീനിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാക്കളെല്ലാം അണിനിരന്ന വേദിയില്‍ തന്നെ, മുഖ്യമന്ത്രിയെ അവര്‍ അഭിനന്ദിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അന്തം വിട്ട് ഈ പ്രശംസ കേട്ടുകൊണ്ടിരിക്കാന്‍ മാത്രമേ യുഡിഎഫ് നേതാക്കള്‍ക്കും കഴിഞ്ഞിരുന്നൊള്ളു.
‘ഞാനുമുണ്ടാകും നമുക്ക് കൈകോര്‍ക്കാം’ എന്ന മുദ്രാവാക്യമുയര്‍ത്തി വ്യാപക പ്രചരണം നടത്തിയാണ് മുനീര്‍ ഉപവാസം സംഘടിപ്പിച്ചിരുന്നത്. യു.ഡി.എഫ് എം.എല്‍.എമാര്‍ അടക്കമുള്ള സകല നേതാക്കളും സാംസ്‌കാരിക നായകരും ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തുകയുമുണ്ടായി.
ഇവരില്‍ പലരും ദീപികയെ പോലെ തന്നെ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാറിനെയും പ്രശംസിക്കാന്‍ മറന്നിരുന്നില്ല.
പൗരത്വ ഭേദഗതി വിഷയത്തില്‍ ഇടതുപക്ഷം നേടിയ മേല്‍ക്കോയ്മയെ ചെറുക്കാന്‍ കൂടിയാണ് മുനീര്‍ ഉപവാസമിരുന്നിരുന്നത്. ഇതിനു നല്‍കിയ വ്യാപക പ്രചരണം തന്നെ അതിന് തെളിവാണ്. എന്നാല്‍ ഈ ഉപവാസത്തില്‍ പോലും ഒടുവില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നതിപ്പോള്‍ പിണറായി സര്‍ക്കാരാണ്. ദീപികാ സിങിന്റെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്.
രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച കത്വ കേസിലെ അഭിഭാഷകയാണ് ദീപിക സിങ് രജാവത്. വധ ഭീഷണിയെ അവഗണിച്ചാണ് നീതിക്ക് വേണ്ടി അവര്‍ പൊരുതുന്നത്. കത്വ കേസ് ഏറ്റെടുത്തതു മുതല്‍ വലിയ രൂപത്തിലുള്ള വധ ഭീഷണിയാണ് ദീപിക സിങിന് നേരിടേണ്ടിവന്നിരുന്നത്.
‘ഒരു പക്ഷെ ഞാന്‍ കൊല്ലപ്പെട്ടേക്കാം എങ്കിലും മരണം വരെ ആ കുഞ്ഞിന്റെ നീതിക്ക് വേണ്ടി എന്റെ നാവ് ശബ്ദിച്ചുകൊണ്ടേയിരിക്കും’ ഇതായിരുന്നു കത്വ കേസിലെ ഭീഷണിക്കെതിരായ ദീപികയുടെ പ്രതികരണം. കേസ് ഏറ്റെടുത്ത അന്ന് തുടങ്ങിയതാണ് ഇവര്‍ക്കെതിരെയുള്ള ഭീഷണിയും, അധിക്ഷേപവും. സ്വാധീനിക്കാനുള്ള ശ്രമവും പിന്നീടുണ്ടായി. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ദീപിക സിങ് മുന്നോട്ട് പോകുന്നത്.
പെണ്‍കുട്ടിക്ക് നീതി ലഭ്യാമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി കേസ് അവര്‍ സ്വമേധയാ ഏറ്റെടുക്കുകയാണുണ്ടായത്.
ഇതേതുടര്‍ന്ന് ജമ്മുകാശ്മീര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പോലും ദീപികയ്‌ക്കെതിരെ ഭീഷണിയുമായി രംഗത്ത് വരുന്ന അസാധാരണ സാഹചര്യവുമുണ്ടായി. കേസില്‍ ഹാജരാവരുതെന്നും ഹാജരായാല്‍ അത് എങ്ങനെ നേരിടണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നുമായിരുന്നു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് സലാതിയ ദീപിക സിങിനോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഭൂപീന്ദര്‍ സിങ്ങിനെതിരെ ദീപിക ജമ്മുകാശ്മീര്‍ ഹൈക്കോടതിയിലും സുപ്രീം കോടതി ചീഫ് ജസ്റ്റിനും പരാതി നല്‍കുകയും കേസില്‍ ഹാജരാവുന്നതിന് തനിക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ശക്തമായ പോലീസ് സുരക്ഷയിലായിരുന്നു കത്വ കേസിന്റെ വാദങ്ങളെല്ലാം നടന്നിരുന്നത്.
വനിതകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ പോരാടുന്ന ‘വോയ്‌സ് ഫോര്‍ റൈറ്റ്‌സ്’ എന്ന സന്നദ്ധ സംഘടനയ്ക്ക് നിലവില്‍ നേതൃത്വം കൊടുക്കുന്നതും ദീപിക സിങാണ്. ഭീഷണിയും അധിക്ഷേപവും അതുകൊണ്ടുതന്നെ അവര്‍ക്ക് പുതിയ കാര്യമൊന്നുമല്ല. ഇതിന് മുമ്പും സമാന രീതിയിലുള്ള ഒട്ടേറെ കേസുകളില്‍ നീതിക്കുവേണ്ടി ദീപിക സിങ് പോരാട്ടം നടത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഒരു പന്ത്രണ്ട് വയസ്സുകാരിക്കു വേണ്ടി കോടതിയില്‍ ഹാജരായതു കൊണ്ടാണ് തനിക്ക് ബാര്‍ അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് നഷ്ടപ്പെട്ടതെന്നാണ് ദീപിക സിങ് പറയുന്നത്.
വെറുമൊരു അഭിഭാഷക മാത്രമല്ല. ചെറുത്ത് നില്‍പ്പിന്റെ മുന്നണി പോരാളി കൂടിയാണ് ഈ യുവതി.
ഭീഷണികളെ വകവയ്ക്കാതെയാണ് ഇരകള്‍ക്കൊപ്പം നിന്ന് അവര്‍ പോരാടുന്നത്. കത്വ കേസിലെ വാദങ്ങളാണ് ദേശീയ തലത്തില്‍ ഈ അഭിഭാഷകയെ ഏറെ പ്രശസ്തയാക്കിയത്.
ഈ കേസ് രാജ്യത്തിന്റെ മുന്നില്‍ കൊണ്ടുവന്നതാകട്ടെ സി.പി.എമ്മാണ്. ജമ്മു കാശ്മീര്‍ താഴ് വരയിലെ സി.പി.എം എം.എല്‍.എ യൂസഫ് തരിഗാമിയുടെ ഇടപെടലാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് തുണയായിരുന്നത്. രാജ്യത്തെ ഞെട്ടിച്ച ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫക്ക് വേണ്ടി ആദ്യം തെരുവിലിറങ്ങിയത് ഈ സി.പി.എം നേതാവായിരുന്നു.
ഭീകരരുടെ തോക്കുകള്‍ക്ക് പോലും നിശബ്ദമാക്കാന്‍ കഴിയാതിരുന്ന തരിഗാമിയുടെ നാവിന്റെ ചൂട് ഡല്‍ഹിയിലെയും കശ്മീരിലേയും അധികാര കേന്ദ്രങ്ങളെ ചുട്ടുപൊള്ളിക്കുകയുണ്ടായി.
തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായത്. കേസ് ക്രൈബ്രാഞ്ചിന് വിട്ടോതോടെയാണ് പ്രതികളെല്ലാം അറസ്റ്റിലായത്.
ഒരു ചങ്കുറപ്പുള്ള കമ്യൂണിസ്റ്റുകാരന്‍ വിചാരിച്ചാല്‍ ഭരണകൂടത്തെ വിറപ്പിക്കാന്‍ പറ്റുമെന്ന് തെളിയിച്ച ഇടപെടലായിരുന്നു തരിഗാമി നടത്തിയിരുന്നത്.
ജമ്മുകാശ്മീര്‍ നിയമസഭാംഗമായ തരിഗാമി നിയമസഭക്കകത്തും പുറത്തും നടത്തിയ ശക്തമായ ഇടപെടലില്‍ ഭരണപക്ഷം ശരിക്കും പ്രതിരോധത്തിലാവുകയാണുണ്ടായത്. പിന്നീട് കോണ്‍ഗ്രസ്സിനും നാഷണല്‍ കോണ്‍ഫറന്‍സിനും തരിഗാമിയെ പിന്തുണക്കേണ്ട സാഹചര്യവും ഉണ്ടായി.
2018 ജനുവരി പത്താം തിയതിയാണ് ആസിഫയെ കാണാതായിരുന്നത്. കുതിരയെത്തേടി കാട്ടില്‍ പോയ പെണ്‍കുട്ടി പിന്നീട് മടങ്ങിവന്നിരുന്നില്ല. ഏഴ് ദിവസങ്ങള്‍ക്ക് ശേഷം അവളുടെ ശരീരം കീറി മുറിച്ച നിലയില്‍ കാട്ടിലാണ് കണ്ടെത്തിയിരുന്നത്.
മേഖലയിലെ ക്ഷേത്രത്തിന്റെ ചുമതലക്കാരനായ സഞ്ജീവ് റാമിന്റെ നേതൃത്വത്തില്‍ ക്രൂരമായ ബലാത്സംഗവും കൊലപാതകവും നടക്കുകയായിരുന്നുവെന്ന് അന്വേഷണത്തിലാണ് തെളിഞ്ഞത്. ക്ഷേത്രത്തിലെ പൂജാമുറിയ്ക്കുള്ളില്‍ വെച്ചായിരുന്നു കൂട്ടിയെ ക്രൂരമായി പീഡനത്തിനിരയാക്കിയിരുന്നത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുക്കാനും അന്വേഷിക്കാനും ആദ്യം തയാറായിരുന്നില്ല. സംഘപരിവാറിനെ ഭയമുള്ള സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധത്തില്‍ നിന്നും മാറി നില്‍ക്കുകയാണുണ്ടായത്. മന്ത്രിമാര്‍ തന്നെ പ്രതികള്‍ക്ക് ‘കുട’പിടിക്കുന്ന സാഹചര്യവും ഉണ്ടായി. എന്നാല്‍ ആസിഫയുടെ നീതിക്കുവേണ്ടി ചെങ്കൊടിയുമായി മുഹമ്മദ് യൂസഫ് തരിഗാമിയെന്ന ജനകീയ നേതാവ് രംഗത്തെത്തിയതോടെ ‘കളി’ മാറുകയായിരുന്നു.
2018 ജനുവരി 17 ന് കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടി രണ്ട് ദിവസത്തിനു ശേഷം, തരിഗാമി വിഷയം ഏറ്റെടുക്കുകയാണുണ്ടായത്. കാശ്മീരി മാധ്യമങ്ങളും തരിഗാമിക്ക് പിന്തുണ നല്‍കുകയുണ്ടായി. തരിഗാമിയുടെ നേതൃത്വത്തില്‍ സിപിഎം നടത്തിയ പ്രതിഷേധം വലിയ ഓളമാണ് സൃഷ്ടിച്ചത്. ഇതേതുടര്‍ന്നായിരുന്നു അന്വേഷണത്തിന് പ്രത്യേക സംഘത്തെ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ചിരുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് തോന്നിയഘട്ടത്തിലെല്ലാം ചെങ്കൊടിയുമായി തരിഗാമി കളം നിറഞ്ഞു നിന്നു. ഫെബ്രുവരി മാസത്തില്‍ നിരവധി തവണ തരിഗാമി വിഷയം നിയമസഭയില്‍ ഉന്നയിച്ചു. അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും അദ്ദേഹം കൃത്യമായ ഇടപെടലും നടത്തി.
സംഘപരിവാറിന്റെ ഇടപെടലുകളെ പുറത്തുകൊണ്ടുവന്നതും ചെറുത്തുനിന്നതും തരിഗാമിയും സിപിഎമ്മുമായിരുന്നു. സിപിഎം കേന്ദ്രക്കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡെമോക്രസിയുടെ 2018 മാര്‍ച്ച് ലക്കത്തില്‍ ആസിഫയുടെ നീതിക്കായി അണിനിരക്കണമെന്ന് പൊതുസമൂഹത്തോട് ആഹ്വാനം ചെയ്യുകയുമുണ്ടായി.
2018 മാര്‍ച്ച് മാസം മൂന്നാം തിയതി സിപിഎം സംസ്ഥാനക്കമ്മിറ്റി വാര്‍ത്താ സമ്മേളനം വിളിച്ചതും വിഷയത്തില്‍ നിര്‍ണായകമായി. ആസിഫയുടെ നീതിക്ക് വേണ്ടി പോരാട്ടം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട സിപിഎം സംഭവത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവിടുകയുണ്ടായി.
ബിജെപി മന്ത്രിമാരുടെ പങ്ക് തുറന്നുകാട്ടാനും സിപിഎം മുന്നിട്ടിറങ്ങി. സംസ്ഥാനത്തെങ്ങും പ്രതിഷേധം സംഘടിപ്പിക്കാനും വിഷയം ചര്‍ച്ചയാക്കാനും സിപിഎം പരമാവധി ശ്രമിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ശ്യാം പ്രസാദ് കേസറും നിരവധി തവണ സംഘപരിവാറിനെയും ഹിന്ദു ഏകതാ മഞ്ചിനെയും പൊളിച്ചടുക്കി സജീവമായി. സംസ്ഥാന സമ്മേളനത്തിന് ശേഷം പുതിയ സെക്രട്ടറിയായെത്തിയ ഗുലാം നബി മാലികിന്റെ വാക്കുകളും ബിജെപിയെയും കുറ്റവാളികളെയും മുറിവേല്‍പ്പിക്കുന്നതായിരുന്നു.
ആദ്യം കേസനേഷിച്ച പൊലീസിന്റെ ഇടപെടലും ഒത്തുകളിയും സിപിഎം പൊതുജനമധ്യത്തില്‍ തുറന്നുകാട്ടി. ബാര്‍ കൗണ്‍സിലിന്റെ നിലപാടുകളെ പരസ്യമായി തള്ളിപറഞ്ഞ് ആദ്യം രംഗത്തെത്തിയതും ചെങ്കൊടി പ്രസ്താനമായിരുന്നു. ഇത് പെണ്‍കുട്ടിയുടെ കുടുംബത്തിനും മറ്റുള്ളവര്‍ക്കും നല്‍കിയ പ്രത്യാശ ചെറുതായിരുന്നില്ല.
ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിച്ചതും ജമ്മുവിലെ സിപിഎമ്മും തരിഗാമിയുമായിരുന്നു. കേസ് ക്രൈംബ്രാഞ്ചിന് വിടുവിക്കുക മാത്രമല്ല അന്വേഷണം കൃത്യമായി മേണിറ്റര്‍ ചെയ്യുവാനും തരിഗാമി മുന്നില്‍ തന്നെയുണ്ടായിരുന്നു. ദീപികാ സിങിന്റെ വാദം കൂടി ഉഷാറായതോടെ ഈ കേസിലെ പ്രതികളെ ജീവപര്യന്തം തടവിനാണ് പഠാന്‍ സെക്ഷന്‍സ് കോടതിയിപ്പോള്‍ ശിക്ഷിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച 3 പൊലീസുകാര്‍ക്ക് 5 വര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
തങ്ങളുടെ നാട്ടില്‍ താമസമാക്കിയ ബകര്‍വാള്‍ നാടോടി ഇടയ ഗോത്രത്തെ ഭയപ്പെടുത്തി ആട്ടിയോടിക്കാനാണ് ഇത്തരം ക്രൂരകൃത്യം പ്രതികള്‍ നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. വര്‍ത്തമാനകാല ഇന്ത്യയെ ഏറെ ഭയപ്പെടുത്തുന്ന കാര്യമാണിത്.
ഇത്തരം പ്രവണതകള്‍ക്കെതിരെ യോജിച്ച മുന്നേറ്റമാണ് നാട്ടില്‍ ഉയര്‍ന്ന് വരേണ്ടത്. കോണ്‍ഗ്രസ്സ് അന്തം വിട്ട് നില്‍ക്കുന്നടത്ത് പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തുന്നതിപ്പോള്‍ കമ്യൂണിസ്റ്റുകളാണ്. ആര്‍ജവമുള്ള നിലപാട് സ്വീകരിക്കുന്നതില്‍ രാജ്യത്ത് മുന്നിലുള്ള ഭരണകൂടം കേരളത്തിലെ പിണറായി സര്‍ക്കാരാണ്.
ഇക്കാര്യങ്ങളെല്ലാം കൃത്യമായറിയാവുന്ന വ്യക്തിയാണ് ദീപിക സിങ് രജാവത്. അതുകൊണ്ടു തന്നെയാണ് ചുവപ്പിന്റെ ചങ്കുറപ്പ് മുനീറിന്റെ സത്യാഗ്രഹ പന്തലിലും അവര്‍ എടുത്ത് പറഞ്ഞത്. രാജ്യത്തെ ഇടതുപക്ഷ മനസുകളെ സംബന്ധിച്ച് ഏറെ ആവേശം ഉയര്‍ത്തുന്ന പിന്തുണയാണിത്. പല യുഡിഎഫ് നേതാക്കളും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതാണ് ദീപിക സിങിപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.
Political Reporter