കലൈജ്ഞരെ കാണാന്‍ തള്ളിക്കയറ്റം, രണ്ട് പേര്‍ മരിച്ചു ; പൊതുദര്‍ശനം അലങ്കോലമായി

ചെന്നൈ: എം.കരുണാനിധിയുടെ മരണ ശേഷവും അങ്കമൊഴിയാതെ തമിഴ്‌നാട്. കരുണാനിധിയുടെ മൃതദേഹം ചെന്നൈയിലെ മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ പൊലീസ് സുരക്ഷ പിന്‍വലിച്ചതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. രാജാജി ഹാളിന് സമീപമാണ് സംഭവം. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ബാരിക്കേഡുകള്‍ തകര്‍ത്ത് അണികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തിവീശി.

karunanidhi11

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജാജി ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച പോയതിന് പിന്നാലെയാണ് പോലീസ് സ്ഥലത്ത് നിന്നും വലിഞ്ഞു തുടങ്ങിയത്. ഇതോടെ രാജാജി ഹാളിന്റെ പരിസരത്ത് കാത്തുനിന്ന പതിനായിരങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ മൃതദേഹത്തിന്റെ സമീപത്തേക്ക് ഇരച്ചെത്തി. ബന്ധുക്കള്‍ക്കും ഡിഎംകെ നേതാക്കള്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്നതിനേക്കാള്‍ ആളുകള്‍ മൃതദേഹത്തിന്റെ അടുത്തേക്ക് തള്ളിക്കയറുകയായിരുന്നു.

എം. കരുണാനിധിയുടെ സംസ്‌കാരം ആറുമണിക്ക് മറീന ബീച്ചില്‍ ആണ് നടക്കുക. പതിനായിരങ്ങളാണ് പ്രിയനേതാവിനെ കാണാന്‍ പ്രവഹിക്കുന്നത്. ഡി.എം.കെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് അന്ത്യകര്‍മങ്ങള്‍ സംബന്ധിച്ചുള്ള അനിശ്ചിതത്വം നീങ്ങിയത്.

Top