M M Hassan against A N Rajan Babu

തിരുവനന്തപുരം: ജെ.എസ്.എസ് നേതാവ് എ.എന്‍.രാജന്‍ബാബുവിന്റെ കാര്യത്തില്‍ ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗം തീരുമാനം എടുക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം,ഹസന്‍ പറഞ്ഞു. രാജന്‍ ബാബുവിന്റെ നിലപാടുകളെ യു.ഡി.എഫ് ഒരിക്കലും അംഗീകരിക്കില്ലെന്നും ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജന്‍ ബാബുവിന്റേത് മുന്നണി മര്യാദയുടെ ലംഘനമാണ്. യു.ഡി.എഫില്‍ നിന്നു കൊണ്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജാമ്യമെടുക്കാന്‍ പോയത് ശരിയല്ല. ഇത് ഗൗരവമായാണ് യു.ഡി.എഫ് കാണുന്നത്. കക്ഷി നേതാക്കളുടെ യോഗത്തില്‍ രാജന്‍ ബാബുവിന്റെ ഇപ്പോഴത്തെ നിലപാടു മാറ്റവും ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ പറഞ്ഞു.

പ്രവാസികാര്യ വകുപ്പ് റദ്ദാക്കി വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി പിന്‍വലിക്കണം. കേരളത്തോടുള്ള അവഗണനയാണ് കേന്ദ്ര നടപടിയിലൂടെ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിക്കുകയും വകുപ്പ് പുന:സ്ഥാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഹസന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Top