ഇടുക്കി: വനിതാ പ്രിന്‍സിപ്പലിനെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് ഇടുക്കി സിപിഎം നേതാവ് എം.എം. മണിക്കെതിരേ പോലീസ് കേസ്.
പൈനാവ് പോളിടെക്ക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പലിനെയാണ് മണി അധിക്ഷേപിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുത്ത പ്രിന്‍സിപ്പലിന്റെ നടപടിയെ തുടര്‍ന്നായിരുന്നു എം.എം. മണിയുടെ വിവാദ പരാമര്‍ശം.
പ്രസംഗത്തില്‍ എസ്‌ഐയെയും പോലീസുകാരെയും എം.എം. മണി ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്തയ്ക്കു പിറക്കാത്ത ഏതു പണിയും ചെയ്യുന്നവനെന്നാണ് എസ്‌ഐയെ മണി വിശേഷിപ്പിച്ചത്.
പോലീസുകാരെല്ലാം വായില്‍ നോക്കികളാണെന്ന് പറഞ്ഞ മണി പ്രിന്‍സിപ്പാലിന് എന്തിന്റെയോ സൂക്കേടാണെന്നും പറഞ്ഞു.
ജെഎന്‍യു വിഷയത്തില്‍ പൈനാവിലെ പോളിടെക്ക്‌നിക്കില്‍ എസ്എഫ്‌ഐ നടത്തിയ പഠിപ്പുമുടക്ക് സമരത്തില്‍ എസ്എഫ്‌ഐക്കാര്‍ ഒഴികെ മറ്റു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നില്ല.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പോളിടെക്ക്‌നിക്കില്‍ സംഘര്‍ഷമുണ്ടായി. ഇതെത്തുടര്‍ന്ന് രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ് ചെറുതോണിയില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചത്. ഈ പ്രസംഗത്തിലായിരുന്നു മണിയുടെ വിവാദ പ്രസംഗം.