തിരുവനന്തപുരം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെയും ഇടതുപക്ഷത്തേയും കടന്നാക്രമിക്കുന്നവര്‍ക്ക് നേരെ ആഞ്ഞടിച്ച് മന്ത്രി എം.എം മണി രംഗത്ത്.
ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ പൊലീസുകാര്‍ എന്ത് ചെയ്താലും മാധ്യമങ്ങള്‍ അത് പെരുപ്പിച്ച് കാണിക്കുകയാണ്. കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ ഇവര്‍ക്ക് ഒരു കുഴപ്പവും ഇല്ലതാനും മണി പരിഹസിച്ചു.
പൊലീസ് അതിക്രമം എന്നൊന്നും പറഞ്ഞ് ഞങ്ങളെ ആരും പേടിപ്പിക്കാന്‍ വരേണ്ടന്നും പൊലീസിന്റെ അതിക്രമങ്ങളെ നേരിടുകയും അതിജീവിക്കുകയും ചെയ്തവരാണ് ഞങ്ങളെന്നും അദ്ദേഹം അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് ജനങ്ങള്‍ക്ക് എന്ത് ബുദ്ധിമുട്ടുണ്ടായാലും ജീവഹാനി സംഭവിച്ചാലും ഞങ്ങള്‍ ഒരേ നിലപാടാണ്. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പൊലീസ് ആരെയെങ്കിലും തല്ലി കൊന്നാലും വ്യഭിചാരം നടത്തിയാലും ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാല്‍, ഞങ്ങള്‍ ഭരിക്കുമ്പോള്‍ എവിടെയെങ്കിലും ഏതെങ്കിലും പൊലീസുകാരന്‍ വല്ല വിവരക്കേടും കാണിച്ചാല്‍ അതും പറഞ്ഞ് ഞങ്ങള്‍ക്കിട്ട് ഒലത്തിക്കൊണ്ടിരിക്കുകയാണെന്ന് എം.എം. മണി തുറന്നടിച്ചു. ഇതിന് ശേഷം താന്‍ പറഞ്ഞത് പോലെ തന്നെ കൊടുക്കണമെന്നും മന്ത്രി പറഞ്ഞു.
കെവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നതാണ് എം.എം മണിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന
ഇതിനിടെ കൊല്ലത്ത് നടന്ന ഒരു പരിപാടിയില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായി മുഖ്യമന്ത്രി പ്രതികരിച്ചത് വിവാദമായിട്ടുണ്ട്.
ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെതിരെ ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ അവതാരകന്‍ വിനുവും രംഗത്ത് വന്നു.