കണ്ണൂര്‍ : പെണ്ണിനെ നീതിപീഠം പോലും ഉപേക്ഷിച്ച കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് എം.മുകുന്ദന്‍. സൗമ്യക്കേസ് വിധി വന്നതോടെ നീതിപീഠവും പെണ്ണിനെ ഉപേക്ഷിച്ചു. ഇനി പെണ്ണ് എങ്ങോട്ട് പോകുമെന്ന് മുകുന്ദന്‍ ചോദിച്ചു.
‘സാറാ ജോസഫിന്റെ മനോഹരമായ പ്രയോഗമുണ്ട്. പെണ്ണ് പൂക്കുന്ന കാലം.ഇത്തരം സംഭവത്തോടെ നമ്മള്‍ മനസിലാക്കുന്നത് പെണ്ണ് പൂക്കുകയല്ല വാടിക്കരിയുകയാണെന്ന്. പെണ്ണ് അവസാനമായി നോക്കിയത് നീതിപീഠത്തിലായിരുന്നു. ഗോവിന്ദച്ചാമിമാര്‍ ഇനി പെരുകും. ഇപ്പോള്‍ ഒരു ഗോവിന്ദച്ചാമി മാത്രമേയുള്ളൂ. ഇനി ഒരുപാട് ഗോവിന്ദച്ചാമിമാര്‍ ഉണ്ടാകും.’ മുകുന്ദന്‍ പറയുന്നു.
‘എല്ലാ പെണ്‍കുട്ടികളെയും പെങ്ങളായി കാണുക, മകളായി കാണുക. അങ്ങനെ ഒരു ഉത്തരവാദിത്വം കൂടി ഇനി എഴുത്തുകാരനുണ്ട്. പഴയകാലത്ത് ദാരിദ്ര്യവും പട്ടിണിയുമുണ്ടായിരുന്ന കാലത്ത് പെണ്‍കുട്ടികള്‍ ഇടവഴിയിലൂടെ ഒറ്റയ്ക്ക് നിര്‍ഭയം നടന്നു പോയിരുന്നു. ഇന്ന് സമ്പത്തുണ്ട്, വെളിച്ചമുണ്ട്, വലിയ റോഡുണ്ട്, എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയം നടന്നുപോകാന്‍ കഴിയുന്നില്ല. നിര്‍ഭയയായി നടന്നുപോകാനുള്ള കാലത്തെ സാക്ഷാത്കരിക്കണം.’മുകുന്ദന്‍ തലശേരിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞു.