ലണ്ടന്‍: പാക്കിസ്ഥാനിലെ മുത്തഹിദ ഖൗമി മൂവ്‌മെന്റ് (എം.ക്യു.എം) സ്ഥാപകന്‍ അല്‍താഫ് ഹുസൈനെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മെട്രൊ പൊളിറ്റന്‍ പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗം നടത്തുന്ന അന്വേഷണങ്ങളുടെ ഭാഗമായി 2016 ല്‍ നടത്തിയ പ്രഭാഷണങ്ങളുടെ പേരിലാണ് അറസ്റ്റ്. 90കളില്‍ ലണ്ടനില്‍ അഭയം തേടിയ അല്‍താഫ് ഹുസൈന് പിന്നീട് പൗരത്വം ലഭിച്ചിരുന്നു.
പാക്കിസ്ഥാന്‍ സര്‍ക്കാറിനെതിരെയുള്ള അല്‍താഫ് ഹുസൈന്റെ പ്രഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാക്കിസ്ഥാനെ പോലെ വിശ്വാസ യോഗ്യമല്ലാത്ത രാജ്യങ്ങളുമായി കരാറുകള്‍ ഒപ്പിടുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അന്താരാഷ്ട്ര നാണയ നിധിയോട് (ഐ.എം.എഫ്) അടുത്തിടെ ഹുസൈന്‍ പറഞ്ഞിരുന്നു.
എം.ക്യു.എമ്മിന് കറാച്ചിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ വലിയ സ്വാധീനമാണുള്ളത്. എം.ക്യൂ.എം. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടിയാണെന്നാണ് ആരോപണം. 2010ല്‍ എം.ക്യു.എമ്മിന്റെ മുന്‍ സെക്രട്ടറി ജനറല്‍ ഇമ്രാന്‍ ഫാറൂഖ് ലണ്ടനില്‍ കൊല്ലപ്പെട്ടതിന് പിന്നിലും അല്‍താഫ് ഹുസൈനാണെന്ന ആരോപണമുണ്ട് .
2016ല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായെങ്കിലും പ്രവാസത്തില്‍ കഴിയുന്ന സ്ഥാപക നേതാവായ അല്‍താഫ് ഹുസൈന് ഇപ്പോഴും അണികള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. 1988 മുതല്‍ 2013 വരെ കറാച്ചിയിലെ ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു വന്നിരുന്ന എം.ക്യൂ.എം 2018ല്‍ ഇമ്രാന്‍ ഖാന്റെ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയോട് പരാജയപ്പെട്ടിരുന്നു.