മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി നിർമതാവാകുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമിനു വേണ്ടിയുള്ള വെബ് സീരീസ്
ആണ് ധോണിയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്നത്. ഒരു പ്രമുഖ എന്റർടൈംമെന്റ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ധോണിയുടെ പത്നി സാക്ഷിയാണ് ഈ കാര്യം പറഞ്ഞത്.
നവാഗതനായ ഒരു എഴുത്തുകാരന്റെ പബ്ലിഷ് ചെയ്യാത്ത ബുക്കിനെ ആധാരമാക്കിയാണ് സീരീസ് ഒരുങ്ങുന്നത്. മിത്തോളജി- സയൻസ് ഫിക്ഷൻ ജോണറിൽ ഒരുങ്ങുന്ന പ്രൊജക്റ്റ് ദുരൂഹത നിറഞ്ഞ ഒരു ആഘോരിയുടെ യാത്രയുടെ കഥയാണ് പറയുക. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ലൊക്കേഷനും, താരനിർണയവും നടത്തുന്ന തിരക്കിലാണ് എന്നും സാക്ഷി പറഞ്ഞു.
ധോണി എന്റർടൈംമെന്റ് എന്ന ബാനറിൽ കഴിഞ്ഞ വർഷം ‘റോർ ഓഫ് ദ ലയൺ’ എന്ന ഡോക്യുമെന്ററി സീരീസ് ധോണിയുടെ ആദ്യത്തെ നിർമ്മാണ സംരംഭമായി പുറത്തു വന്നിരുന്നു. സാക്ഷിയാണ് നിർമ്മാണ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി പ്രവർത്തിക്കുന്നത്.