ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. നാളെ മുതല്‍ 120 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയിരിക്കുന്നത്.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴില്‍ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജീത്ത് രാജന്‍, അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ് എന്നിവരടങ്ങിയ മൂന്നംഗസമിതിയെയാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പുനഃപരിശോധിച്ചത്. സിവില്‍ സര്‍വ്വീസ് ചട്ടത്തിലെ 3 (8) സി വകുപ്പ് പ്രകാരമുള്ള സാധാരണ നടപടി മാത്രമാണിതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കറെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളെല്ലാം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

Top