നിയമത്തിന് മുന്നില്‍ തുല്യരാണെന്ന് കരുതി എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നില്ലെന്ന് എം. സ്വരാജ്

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരണവുമായി സിപിഎം നേതാവും സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ എം. സ്വരാജ്.

‘നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. അതിനര്‍ത്ഥം ഈ വ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നല്ല’ സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസില്‍ കോടതി വിധിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ശക്തമാണ്. ഒന്നര വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് കേസില്‍ വിചാരണ കോടതി ഇന്ന് വിധി പറഞ്ഞത്.

പ്രതികരണവുമായി മലയാള സിനിമയിലെ നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, എന്നിവരും രംഗത്തെത്തി. ‘അവള്‍ക്കൊപ്പം എന്നും’ എന്ന കുറിപ്പോടെയാണ് താരങ്ങള്‍ പ്രതികരണം അറിയിച്ചത്. നേരത്തെ വിഷയത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവനും രംഗത്തെത്തിയിരുന്നു.

”യേശു ഒരുകഥ പറഞ്ഞു. ഒരിക്കല്‍ ഒരു കര്‍ഷകന്‍ വിത്ത് വിതയ്ക്കുവാന്‍പോയി. ചില വിത്തുകള്‍ വഴിയരികില്‍ വീണു. അവ കിളികള്‍ കൊത്തിത്തിന്നു. ചില വിത്തുകള്‍ പാറസ്ഥലങ്ങളില്‍ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാല്‍ ആഴത്തില്‍ വേരിറങ്ങാന്‍ കഴിഞ്ഞില്ല. ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു.”എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

Top