പൊതുവഴിയില്‍ ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം, തട്ടാതെ മാറിനടക്കുന്നതാണ് നല്ലത്: എം സ്വരാജ്

കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച അര്‍ണാബ് ഗോസ്വാമിക്കെതിരെ എം സ്വരാജ് എം എല്‍ എ. ശമ്പളം തരുന്ന മുതലാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാള്‍ക്ക് പരിചയം കാണൂവെന്നും ആ അനുഭവം വെച്ച് പറഞ്ഞതാകാമെന്നും എം സ്വരാജ് പറഞ്ഞു. പൊതുവഴിയില്‍ മനുഷ്യര്‍ മാത്രമല്ല നടക്കുന്നത്. ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം. മാലിന്യത്തില്‍ തട്ടാതെ ഇത്തിരി മാറി നടക്കുന്നതാണ് നല്ലതെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഒരു പശു മനുഷ്യൻ
മലയാളികൾക്ക് മൊത്തത്തിൽ വിശേഷണം നൽകിയിരിക്കുന്നു. മലയാളത്തിലും പച്ച മലയാളത്തിലുമായി പലരും അതിനോട് പ്രതികരിച്ചു കാണുന്നു. സത്യത്തിൽ ഈ മറുപടികളും പ്രതികരണവും അനാവശ്യമാണ്‌.
പൊതുവഴിയാണ് , മനുഷ്യർ മാത്രമല്ലല്ലോ നടക്കുന്നത്. ചിലയിടത്ത് മാലിന്യങ്ങൾ കണ്ടേക്കാം. മാലിന്യത്തിൽ തട്ടാതെ ഇത്തിരി മാറി നടക്കുന്നതാണ് അഭികാമ്യം.
പശു മനുഷ്യനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.
അയാൾ സത്യസന്ധമായി അഭിപ്രായം പറഞ്ഞതാവാം. ശമ്പളം തരുന്ന മുതലാളി മലയാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാൾക്ക് പരിചയം കാണൂ. ആ അനുഭവം വെച്ച് പറഞ്ഞതാവും.

യുഎഇയുടെ സഹായ വാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന. താന്‍ കണ്ടതില്‍ വെച്ച് ഇന്ത്യയിലെ എക്കാലത്തേയും നാണം കെട്ട ഒരുകൂട്ടം ആളുകളാണ് മലയാളികള്‍ എന്നായിരുന്നു പരമാര്‍ശം. യുഎഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും അര്‍ണാബ് പറഞ്ഞിരുന്നു.

Top