കഷ്ടകാലം എന്നു പറഞ്ഞാല്‍ അതിപ്പോള്‍ കേരളത്തിലെ യു.ഡി.എഫിനാണുള്ളത്. ഒരു നിലപാടും വ്യക്തതയുമില്ലാത്ത കൂട്ടമായി ഈ പ്രതിപക്ഷം അധപതിച്ചു കഴിഞ്ഞു. തൊട്ടതിനെല്ലാം പുലിവാല് പിടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഏറ്റവും ഒടുവില്‍, ലോക കേരള സഭയില്‍ നിന്നും വിട്ടു നിന്നതാണ് യു.ഡി.എഫിന് തിരിച്ചടിയായിരിക്കുന്നത്. ഇവിടെ ‘പണി’കൊടുത്തതാകട്ടെ സാക്ഷാല്‍ രാഹുല്‍ ഗാന്ധിയുമാണ്.
സംസ്ഥാന സര്‍ക്കാര്‍ പ്രവാസി കേരളീയരെ ഉള്‍പ്പെടുത്തി നടത്തുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയാണ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്.ലോകകേരളസഭ ധൂര്‍ത്തെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിച്ചതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദന കത്തും പുറത്തായിരിക്കുന്നത്.
സംസ്ഥാനത്തിന്റെ പതാകവാഹകരായി എന്നും മാറിയ പ്രവാസി കേരളീയര്‍ക്ക് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്ന കത്തില്‍ ലോകകേരളസഭയെ രാഹുല്‍ വാനോളം പുകഴ്ത്തിയിട്ടുണ്ട്.
പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയില്‍ കൊണ്ടുവരാനും അവരുടെ സംഭാവനകള്‍ക്ക് വേണ്ട അംഗീകാരം നല്‍കാനും കഴിയുന്ന മികച്ച വേദിയാണ് ലോകകേരളസഭയെന്നും രാഹുല്‍ സന്ദേശത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. പ്രവാസികള്‍ എന്നും സ്വന്തം നാടിന്റെ സംസ്‌കാരത്തില്‍ വേരുകളുള്ളവരാണ്. പ്രവാസി മലയാളികളുടെ പല സംരംഭങ്ങളും സ്വന്തം നാടിന് വേണ്ടിയുള്ള അവരുടെ സമര്‍പ്പണമാണെന്നും രാഹുല്‍ ചൂണ്ടികാട്ടി.
സ്വന്തം നാടിന്റെ സമ്പന്നമായ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പതാകവാഹകരായ ഈ പ്രവാസി കേരളീയ സമൂഹത്തിന് ഇതേ നേട്ടം ഇനിയും ആവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നാശംസിച്ചു കൊണ്ടാണ്
കത്ത് രാഹുല്‍ അവസാനിപ്പിച്ചിരിക്കുന്നത്.
ലോകകേരളസഭ ബഹിഷ്‌കരിച്ച യുഡിഎഫ് നേതൃത്വത്തിന് കിട്ടിയ അപ്രതീക്ഷിത പ്രഹരമാണ് രാഹുലിന്റെ ഈ നിലപാട്. ഇനി എന്ത് പറഞ്ഞ് വിട്ട് നില്‍ക്കലിനെ ന്യായീകരിക്കുമെന്ന കാര്യത്തില്‍ യുഡിഎഫ്
നേതാക്കള്‍ക്കിടയിലും ഭിന്നത രൂക്ഷമായിട്ടുണ്ട്.
യുഡിഎഫിനെ പോലെതന്നെ ലോകകേരളസഭ സമ്മേളനത്തില്‍ കേന്ദ്ര സഹമന്ത്രിയായ വി മുരളീധരനും നിലവില്‍ പങ്കെടുക്കുന്നില്ല. വ്യാഴാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തില്‍ മുഖ്യാതിഥി ആയിരുന്നു വി മുരളീധരന്‍. എന്താണ് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭയുടെ സമ്മേളനം ചേരുന്നത്. ലോകകേരളസഭ ചേരുന്നത് ധൂര്‍ത്താണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചിരിക്കുന്നത്.
എന്നാല്‍ ലോകകേരളസഭയെ സ്ഥിരം സംവിധാനമാക്കാനുള്ള നീക്കങ്ങളുമായാണ് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ലോക കേരളസഭക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനായി നിയമ നിര്‍മ്മാണം നടത്തുമെന്ന് ഉദ്ഘാടന സമ്മേളനത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികളുടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി യാഥാര്‍ത്ഥ്യമായെന്നും പിണറായി ചൂണ്ടികാട്ടുകയുണ്ടായി. പ്രതിപക്ഷ സഹകരണം ഇല്ലെങ്കിലും ലോകകേരളസഭയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ ചൊല്ലിയും യു.ഡി.എഫില്‍ ഇപ്പോള്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്.
കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ , വി.എം സുധീരന്‍, കെ.മുരളീധരന്‍ എന്നിവര്‍ ഇടതുപക്ഷവുമായി ചേര്‍ന്നുള്ള സമരത്തിന് എതിരാണ്. ഭൂരിപക്ഷം നേതാക്കളും ഈ നിലപാടിനൊപ്പമാണ്. ഇടതുപക്ഷത്തിന് ഗോളടിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നതിലാണ് ഈ വിഭാഗത്തിന് എതിര്‍പ്പ്. എന്നാല്‍ പൗരത്വ പ്രശ്‌നത്തില്‍ എപ്പോഴേ പിണറായി സര്‍ക്കാര്‍ ഗോളടിച്ച് കഴിഞ്ഞതായും, ഒപ്പം പോകുന്നതാണ് ബുദ്ധിയെന്നുമാണ് ചെന്നിത്തല പറയുന്നത്. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സുമെല്ലാം ഇതേ നിലപാടില്‍ തന്നെയാണുള്ളത്.
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലന്ന് പിണറായി പറഞ്ഞതോടെ പ്രതിപക്ഷ സമരങ്ങള്‍ക്ക് പ്രസക്തിയില്ലന്നാണ് ഈ വിഭാഗത്തിന്റെ വാദം.
മാത്രമല്ല സംഘടനാപരമായ കോണ്‍ഗ്രസ്സിന്റെ ദൗര്‍ബല്യവും നേതാക്കള്‍ എടുത്ത് കാട്ടുന്നുണ്ട്. പുന:സംഘടന പോലും ഇതുവരെ കെ.പി.സി.സിയില്‍ പോലും നടത്തിയിട്ടില്ല, പോഷക സംഘടനകളും നിര്‍ജീവമാണ്.
എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമെല്ലാം ഉഴുത് മറിച്ച് പ്രക്ഷോഭം നടത്തുമ്പോള്‍ നോക്കി നില്‍ക്കേണ്ട ഗതികേടിലാണ് പ്രതിപക്ഷ സംഘടനകള്‍.
എന്തിനേറെ നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എക്ക് സി.പി.എം എം.എല്‍.എ എം.സ്വരാജ് നല്‍കിയ മറുപടിയില്‍ പോലും അന്തം വിട്ടു പോയത് ലീഗ് എം.എല്‍.എമാരായിരുന്നു.
പച്ചക്കള്ളത്തിന്റെ പ്രതലത്തിലല്ലാതെ സംഘപരിവാര്‍ രാഷ്ട്രീയത്തിന് നിവര്‍ന്നുനില്‍ക്കാന്‍ കഴിയില്ലെന്നാണ് വര്‍ത്തമാന കാല ഇന്ത്യ തിരിച്ചറിയുന്ന യാഥാര്‍ത്ഥ്യമെന്നാണ് സ്വരാജ് തുറന്നടിച്ചിരുന്നത്.
‘പതിറ്റാണ്ടുകളായി ഇന്ത്യന്‍ മണ്ണില്‍ ജീവിച്ച ഇന്ത്യയുടെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപ്പെട്ട ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബം എങ്ങനെ ഇന്ത്യന്‍ പൗരന്മാര്‍ അല്ലാതായിമാറിയെന്നും കാര്‍ഗിലില്‍ അതിര്‍ത്തി കാത്തതിന് പ്രസിഡന്റിന്റെ മെഡല്‍ വാങ്ങിയ മുഹമ്മദ് സനാവുള്ള ഖാന്‍ എങ്ങിനെ ഇന്ത്യന്‍ പൗരനല്ലാതായി മാറിയെന്നതുമായിരുന്നു സ്വരാജ് ഉയര്‍ത്തിയ ചോദ്യം.
ഇന്ത്യന്‍ സൈന്യത്തില്‍ വിശിഷ്ട സേവനം നടത്തിയ മുഹമ്മദ് അസ്മല്‍ ഹക്ക് എങ്ങനെ ഇന്ത്യന്‍ പൗരനല്ലാതായി മാറിയെന്നും അദ്ദേഹം ബിജെപി എംഎല്‍എ ഒ.രാജഗോപാലിനെ മുന്‍നിര്‍ത്തി ചോദിച്ചിരുന്നു.
ബോധപൂര്‍വം ഈ രാജ്യത്തെ ഗണ്യമായ വിഭാഗത്തെ ആട്ടിയോടിക്കാനും തടങ്കല്‍ പാളയത്തിലേക്ക് ആനയിക്കാനും കൊണ്ടുവന്ന നിയമമാണിതെന്നായിരുന്നു സ്വരാജ് ആഞ്ഞടിച്ചിരുന്നത്.
ഇവിടെ ജീവിക്കുന്നവരോട് രേഖ ചോദിക്കുകയാണ്. പതിറ്റാണ്ടുകളായി ഈ മണ്ണില്‍ ജീവിക്കുന്നവരോട് പൗരത്വം ചോദിക്കുകയാണ്. എല്ലാ മതവിഭാഗത്തിലും പെട്ട വീരശൂരപരാക്രമികളായ എത്രയെത്ര രക്തസാക്ഷികള്‍ ഇവിടെയുണ്ട്? കേരളത്തില്‍ എത്ര അനുഭവമുണ്ടെന്നും സ്വരാജ് അക്കമിട്ട് നിരത്തിയാണ് രാജഗോപാലിനോട് ചോദിച്ചിരുന്നത്.
മുസ്ലീം സമുദായത്തെയാകെ തുടച്ചുനീക്കാനും ആട്ടിപ്പായിക്കാനും ഉതകുന്ന ഈ നിയമം തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ മലബാറിലെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ചരിത്രം പരിശോധിച്ചിട്ടുണ്ടോയെന്നും സ്വരാജ് ബിജെപി എംഎല്‍എയോട് ചോദിക്കുകയുണ്ടായി.
1852 ല്‍ ബ്രിട്ടന്‍ നാടുകടത്തിയ സയ്യദ് ഫസല്‍ പൂക്കോയ തങ്ങളുടെ പേരും മമ്പുറത്തെ കുറിച്ചും
വാഴക്കാടിനടുത്തെ കൊന്നാരയെന്നൊരു ഗ്രാമത്തെ കുറിച്ചുമെല്ലാം എടുത്തു പറഞ്ഞാണ് രാജഗോപാലിനെ സ്വരാജ് നിര്‍ത്തി പൊരിച്ചിരുന്നത്. ആ കൊന്നാര മഖാം ഇന്നും ചരിത്രസ്മാരകമായി നിലനില്‍ക്കുന്നുണ്ട്. ഈ മുസ്ലീം ദേവാലയത്തെ മുമ്പ് ബ്രിട്ടീഷ് പട്ടാളം വെടിവെച്ച് തകര്‍ത്തതും സ്വരാജ് ചൂണ്ടികാട്ടുകയുണ്ടായി.
അന്നത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു കേന്ദ്രം തന്നെ ഇതായിരുന്നു. ഇന്നും അത്‌വഴി കടന്നുപോകുമ്പോള്‍ കൊന്നാര മഖാമിന്റെ വാതായനങ്ങളില്‍ പതിഞ്ഞിട്ടുള്ള നീക്കം ചെയ്യാത്ത വെടിയുണ്ടകള്‍ നിങ്ങള്‍ക്കും കാണാമെന്നും രാജഗോപാലിനോട് സ്വരാജ് പറയുകയുണ്ടായി.
ഈ സ്ഥലത്തുനിന്നും ബ്രിട്ടന്‍ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത് കൊണ്ടുപോയ സയ്യിദ് മുഹമ്മദ് കോയ തങ്ങളെ കോയമ്പത്തൂരില്‍ വെച്ചാണ് തൂക്കിലേറ്റിയിരുന്നത്.
നിങ്ങള്‍ക്ക് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെന്ന പേരറിയുമോ എന്നും രാജഗോപാലിനോട് സ്വരാജ് എടുത്ത് ചോദിച്ചിരുന്നു.
ബ്രിട്ടന്റെ സൈനികാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിച്ച ആ വീരയോദ്ധാവിന്റെ ചരിത്രം പഠിക്കാനും ബിജെപി എംഎല്‍എയോട് സ്വരാജ് ആവശ്യപ്പെടുകയുണ്ടായി.
ബ്രിട്ടീഷുകാരുടെ വമ്പന്‍ ഓഫറിന് പോലും തലകുനിയ്ക്കാത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
‘ഈ മണ്ണില്‍ ഞാന്‍ മരിച്ചുവീഴും. ഈ മണ്ണില്‍ ഞാന്‍ ലയിച്ചുചേരും’. എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
പിന്നീട് കുഞ്ഞഹമ്മദ് ഹാജിയുടെ ആഗ്രഹ പ്രകാരം മുന്നില്‍ നിന്ന് വെടിവെച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയിരുന്നത്.അന്ന് കണ്ണ് കെട്ടി പിന്നില്‍ നിന്ന് വെടിവെച്ചാണ് ആളുകളെ ബ്രിട്ടീഷുകാര്‍ കൊന്നു കൊണ്ടിരുന്നത്. അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോള്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞത്, ‘നിങ്ങള്‍ എന്റെ കണ്ണ് കെട്ടരുത്. നിങ്ങള്‍ എന്നെ മുന്നില്‍ നിന്ന് വെടിവെക്കണം’എന്നതായിരുന്നു. അങ്ങനെ പറഞ്ഞ ധീരന്മാരുടെ നാടാണ് ഈ നാടെന്നും സ്വരാജ് ഓര്‍മിപ്പിക്കുകയുണ്ടായി.
ഇന്ത്യയില്‍ ആകെ ഒരിടത്തുമാത്രമേ ബ്രിട്ടീഷ് പട്ടാളത്തോട് സിവിലിയന്‍മാര്‍ നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളൂ. അത് ഇന്നത്തെ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിലെ മണ്ണിലാണെന്നും സ്വരാജ് കേന്ദ്ര സര്‍ക്കാരിനേയും ഓര്‍മിപ്പിച്ചിരുന്നു.ഇന്നും അവിടെ യുദ്ധസ്മാരകം ഉണ്ട്. ബ്രിട്ടീഷ് പട്ടാളത്തെ തോല്‍പ്പിച്ചവരാണ് ഈ ഏറനാട്ടിലെ മാപ്പിളമാര്‍. ആ പ്രൗഢഗംഭീരമായ ഭൂതകാലം നിലനില്‍ക്കുമ്പോഴാണ് നിങ്ങള്‍ ഒരു ജനതയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി തുടച്ചുനീക്കാനുള്ള സമീപനം സ്വീകരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
1935ല്‍ ഹിറ്റ്ലര്‍ ജൂതന്‍മാര്‍ക്കെതിരെ തടങ്കല്‍പാളയം ഉണ്ടാക്കി ദശലക്ഷക്കണക്കിന് ജൂതന്‍മാരെയാണ് കൊന്ന് തള്ളിയത്. ഇതിന്റെ പത്താംകൊല്ലം ഹിറ്റ്ലര്‍ക്ക് തന്നെ ആത്മഹത്യ ചെയ്യേണ്ടിയും വന്നു. അതാണ് ചരിത്രം. ലക്ഷക്കണക്കിന് മനുഷ്യന്‍മാരെ കൊലപ്പെടുത്തിയ കുപ്രസിദ്ധമായ ഓഷ്വിറ്റ്‌സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് പിന്നീട് മ്യൂസിയമായി മാറി. അതിന്റെ കവാടത്തില്‍ ‘ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കു’മെന്ന് എഴുതി വെച്ചിട്ടുണ്ട്. ഈ കാലഘട്ടം നരേന്ദ്രമോഡിയോട് പറയാനുള്ളതും അതാണ്. ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും സ്വരാജ് നിയമസഭയില്‍ പറഞ്ഞിരുന്നു.
അഭയാര്‍ത്ഥികളെ സ്വീകരിക്കേണ്ടത് മതം നോക്കിയല്ല മനുഷ്യത്വം നോക്കിയാണ്. ഈ നിയമം ലോകത്തിന് മുന്‍പില്‍ ഇന്ത്യയെ നാണംകെടുത്തും. ഇന്ത്യയെ ഒറ്റപ്പെടുത്തും. മുസ്ലീങ്ങളെ തുടച്ചുനീക്കുന്നതിലേക്കാണ് ഈ നിയമം ഇപ്പോള്‍ വെളിപ്പെട്ടിട്ടുള്ളതെങ്കിലും ഇതൊരു മുസ്ലീം പ്രശ്നമല്ല. ഇതൊരു തുടക്കമാണ്. നാളെ ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും വിയോജിപ്പുള്ളവര്‍ക്കുമെല്ലാം എതിരായി വരുന്ന ഭരണകൂട നീക്കത്തിന്റെ തുടക്കമാണിതെന്നും സ്വരാജ് ചൂണ്ടികാട്ടി.
ഇത് മുസ്ലീം പ്രശ്നം മാത്രമല്ല, ഇന്ത്യയുടെ പ്രശ്നമാണ്. മതനിരപേക്ഷതയുടെ പ്രശ്നമാണെന്നും സ്വരാജ് വ്യക്തമാക്കുന്നു. ആ അര്‍ത്ഥത്തില്‍ ഇതിനെ കാണാന്‍ നമ്മള്‍ തയ്യാറാകണം. ഹിന്ദുവായ മൗദൂദിയാണ് ഗോള്‍വാള്‍ക്കര്‍ എന്നും ഓര്‍ത്തുകൊള്ളണം. മുസ്ലീം ആയ ഗോള്‍വാള്‍ക്കര്‍ ആണ് മൗദൂദി എന്നതും
ഓര്‍ക്കണം. ഇത് രണ്ടും മനുഷ്യത്വത്തിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരാണ്. എല്ലാ മതനിരപേക്ഷ മനുഷ്യരും ഒരുമിച്ച് കൈകോര്‍ത്ത് പിടിച്ച് മനുഷ്യത്വത്തിന്റെ ആശയം ഉയര്‍ത്തി ഈ പ്രതിലോമകരമായ നിയമത്തെ പ്രതിരോധിക്കേണ്ടതുണ്ട്.
നാം സമരം ചെയ്യുന്നത് ഈ രാജ്യത്തെ കൊല്ലുന്ന ശക്തികള്‍ക്കെതിരെയാണ്. രാജ്യവിരുദ്ധരായ കേന്ദ്രസര്‍ക്കാരിനെതിരെയാണ്. ആ സമരത്തിന്റെ പതാക ദേശീയ പതാകയാണ്. നമുക്ക് ഒരുമിച്ച് നില്‍ക്കാനാവണം. ഇന്ത്യയെ രക്ഷിക്കാനാകണം ഇങ്ങനെ പറഞ്ഞാണ് സിപിഎം എംഎല്‍എയായ എം സ്വരാജ് നിയമസഭയില്‍ തന്റെ പ്രസഗം അവസാനിപ്പിച്ചിരുന്നത്.
തങ്ങള്‍ക്ക് പോലും ഇങ്ങനെ പറയാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധമാണ് ലീഗ് എംഎല്‍എമാരെ
ഇപ്പോള്‍ അലട്ടികൊണ്ടിരിക്കുന്നത്.
സ്വരാജിന്റെ മറുപടി സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ ലീഗ് അണികള്‍ തന്നെ നേതൃത്വത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്.
പൗരത്വ വിഷയത്തിലെ സി.പി.എം കര്‍ക്കശ നിലപാട് ലീഗിന്റെ അടിത്തറ തോണ്ടുന്നതാണെന്നാണ് മുന്നറിയിപ്പ്. മലപ്പുറം ഉള്‍പ്പെടെയുള്ള ലീഗ് ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ പോലും ഈ നിലപാട് ശക്തമാണ്.
കോണ്‍ഗ്രസ്സിലും സമാനമായ പ്രതിഷേധമാണ് അണികള്‍ ഉയര്‍ത്തുന്നത്. സ്വരാജിനെ പോലുള്ളവര്‍ ഒറ്റയടിക്ക് ഇങ്ങനെ ഹീറോയാകുന്നതാണ് അവരെയും വിളറി പിടിപ്പിക്കുന്നത്.
വീര മുസ്ലീമുകളുടെ ചരിത്രം പറയാന്‍ നിയമസഭയില്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ വേണ്ടി വന്നു എന്നത് തങ്ങള്‍ക്ക് നാണക്കേടായി എന്ന് മുതിര്‍ന്ന ലീഗ് നേതാക്കള്‍ തന്നെ ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്.
യഥാര്‍ത്ഥ ന്യൂനപക്ഷ സംരക്ഷകര്‍ ആരാണ് എന്ന വലിയ ചോദ്യമാണ് ഇപ്പോള്‍ ഇടതുപക്ഷ അണികളും ഉയര്‍ത്തുന്നത്.
മമത ബാനര്‍ജി പോലും ധൈര്യപ്പെടാത്തത് നടത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായതും ചെമ്പട ചൂണ്ടിക്കാട്ടുന്നുണ്ട്.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ഒരു നിയമസഭ പ്രമേയം പാസാക്കിയത് തന്നെ രാജ്യ ചരിത്രത്തില്‍ വേറിട്ട സംഭവമായിരുന്നു.
കേന്ദ്ര സര്‍ക്കാറിനെ മാത്രമല്ല മമതയെയും കോണ്‍ഗ്രസ്സ് സര്‍ക്കാറുകളെയും വരെ വെട്ടിലാക്കുന്ന സംഭവമാണിത്.
എന്തുകൊണ്ട് കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നില്ല എന്ന ചോദ്യത്തിന് യു.ഡി.എഫും ഇപ്പോള്‍ മറുപടി പറയേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
കേരളത്തില്‍ പ്രമേയത്തെ പിന്തുണച്ചവര്‍ എന്തേ അവര്‍ ഭരിക്കുന്നടത്ത് അത് നടപ്പാക്കുന്നില്ല എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകരും ഉയര്‍ത്തി കഴിഞ്ഞു.
ഇവിടെയാണ് ഇടതു സര്‍ക്കാറിന്റെ ചങ്കുറപ്പ് പ്രകടമായിരിക്കുന്നത്. സര്‍ക്കാറിനെ പിരിച്ച് വിട്ടാലും വേണ്ടില്ല എതിര്‍പ്പ് അറിയിച്ചിരിക്കുമെന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
സര്‍ക്കാറിനെതിരെ ബി.ജെ.പി തന്നെ ഇപ്പോള്‍ ശക്തമായി നീങ്ങിയതോടെ അവരുടെ നിലപാടും വ്യക്തമായി കഴിഞ്ഞു.
നിലവില്‍ ഗവര്‍ണ്ണര്‍ തന്നെ സംസ്ഥാന സര്‍ക്കാറുമായി ഉടക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ എന്ത് കടുത്ത നിലപാടും സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
ബി.ജെ.പി രാജ്യസഭയില്‍ നടത്തുന്ന നീക്കവും സംസ്ഥാന സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതിനു വേണ്ടിയാണ്.
സര്‍ക്കാറിനെ പിരിച്ച് വിട്ടാലും നിലപാടില്‍ ഒരു മാറ്റവും വരുത്തില്ലന്നാണ് സി.പി.എമ്മും വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര നിലപാട് വരട്ടെ അപ്പോള്‍ പ്രതികരിക്കാം എന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.
കേവലം തിരഞ്ഞെടുപ്പ് വിജയത്തിലല്ല, നിലപാടുകളിലാണ് കമ്യൂണിസ്റ്റുകളുടെ വിശ്വാസ്യതയെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തെ ജനങ്ങളെ ജാതിക്കും മതത്തിനും വര്‍ഗ്ഗത്തിനും അതീതമായി മനുഷ്യരായി കാണാനാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലന്നാണ് സി.പി.എം വ്യക്തമാക്കുന്നത്.
രാജ്യത്ത് ഇപ്പോള്‍ നടപ്പാക്കുവാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന കാര്യത്തിലും സി.പി.എം ഉറച്ച് നില്‍ക്കുകയാണ്. അതു കൊണ്ട് തന്നെ ഈ നിയമത്തിനെതിരെ ഏതറ്റം വരെയും പോകുമെന്നതാണ് പിണറായി സര്‍ക്കാറിന്റെയും നിലപാട്.
സംസ്ഥാന സര്‍ക്കാറിനെ പിരിച്ച് വിട്ടാല്‍ പോലും കേരളത്തില്‍ കരിനിയമം നടപ്പാക്കാന്‍ അനുവദിക്കില്ലന്ന കടുത്ത നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്.
കമ്യൂണിസ്റ്റുകളുടെ നിലപാടിലെ ഈ കാര്‍ക്കശ്യമാണ് ലീഗിനെയും കോണ്‍ഗ്രസ്സിനെയും നിലവില്‍ വെട്ടിലാക്കിയിരിക്കുന്നത്.
രാഷ്ട്രീയമായി ഇടതു പക്ഷത്തിന് ലഭിക്കുന്ന മൈലേജ് എങ്ങനെ മറികടക്കുമെന്നതാണ് യു.ഡി.എഫിന് മുന്നിലെ വലിയ ചോദ്യം.
Political Reporter